Deshamangalam | Portfolio of Deshamangalam Ramakrishnan

മദിരാശിയില്‍ ഒരു പുലര്‍ച്ചെ

തലയില്‍ കാലില്‍ കൈയില്‍
കീറപ്പുതപ്പില്‍ ചവിട്ടാതെ
ഇവിടെ നടക്കാനാവില്ല
അമര്‍ന്നു നടന്നാല്‍
മലമായി മൂത്രമായി ചീരാപ്പായി
ഭൂമി അള്ളിപ്പിടിക്കും.
ഓരങ്ങളില്‍ നിന്നിഴഞ്ഞെത്തി
അവരൊക്കെ റോഡില്‍ ഉറങ്ങുകയാണ്
നേരം വെളുത്തപ്പോഴായിരിക്കും
ഉറക്കം പിടിച്ചത്.
രാച്ചിയമ്മമാര്‍
അടുപ്പില്‍ ഊതിക്കൊണ്ടിരിക്കുന്നുണ്ട്.

നടക്കൂ നടക്കൂ എന്ന്
ഉടല്‍ ഉന്തിക്കൊണ്ടിരിക്കെ
ഈ കിടപ്പുകാരെ ചവിട്ടിയാണെങ്കിലും
ആട്ടും തുപ്പും കടിയും സഹിച്ചാണെങ്കിലും
നടന്നേ പറ്റൂ
കാണുന്നവരെ കണ്ടില്ലെന്നു ഭാവിച്ച്
വൈറസ്സുകളുടെ കണ്‍വെട്ടിച്ച്
നടക്കുകയാണെന്ന്
നടിക്കുകയാണ് ഞാന്‍

കീറച്ചേലക്കാരികളായ പെണ്‍കിടാങ്ങള്‍
ആപ്പീസ്സിലേയ്ക്കുള്ള വേഷവും കെട്ടി
മുരുകന്‍മാരും
കുഞ്ഞുകുട്ടികളും കൂടി
കുടങ്ങളുമായി ക്യൂ നില്‍ക്കുന്നു.
ഇന്നലത്തെ കൊതുകുകടിയുടെ
തിണര്‍ത്ത പാടുകള്‍ തടവി
ഞാന്‍ നടക്കുന്നൂ.

പത്രങ്ങളിലെല്ലാം പനി പടര്‍ന്നിരിക്കുന്നു.
പത്രാധിപന്മാരെല്ലാം പനിക്കിടക്കയിലാണ്.
ഇടയ്ക്ക് ഒരുവളെ കണ്ടു
ഏതോ രാച്ചിയമ്മയുടെ മകളായിരിക്കാം
കള്ളച്ചിരിയുമായി
അവള്‍ കടന്നുപോകുന്നുവെന്ന്
വേണമെങ്കില്‍ സങ്കല്‍പ്പിക്കാം
ഇല്ല, തിണര്‍പ്പുകളും പോറലുകളുമല്ലാതെ
ആ മുഖത്തൊന്നുമില്ല.
കൊടുത്തുവയ്ക്കാത്ത
ഒരു ജന്മത്തിന്റെ കീറലാണ് ആ വായ
അതിലൊരു ചിരി
അസാദ്ധ്യമെന്നു തോന്നും.

എന്റെ ഉടല്‍
വാത്സല്യപൂര്‍വം യുദ്ധം ചെയ്യുകയാണ്
ഉണ്ട് അതിന്റെ നെഞ്ചില്‍
എന്റെ പഞ്ചാര ജീവന്‍
താരാട്ടുകയാണ് അത്
എന്റെ ഓപ്പോളെപ്പോലെ
ഈ തെരുവില്‍ അവളും
എത്ര അലഞ്ഞിട്ടുണ്ടാവണം
ഒടുവില്‍ പൈത്യക്കാരിയായി
തിരിച്ചുവന്ന്
പൊട്ടിപ്പൊളിഞ്ഞ വീട്ടുമുറ്റത്ത്
മലര്‍ന്നു വീണതും
ഓര്‍ക്കുവാന്‍ മാത്രമായി,
വര്‍ഷങ്ങള്‍ക്കു ശേഷം
എന്റെ യുവവാര്‍ധക്യം
ഇതിലേ കടന്നുപോകുന്നു.

ആരും ആരുടെയും മുഖത്തു നോക്കുന്നില്ല
പനി ആര്‍ക്കായിരിക്കും
ആര്‍ക്കും അറിഞ്ഞുകൂടാ
അണുബാധ എവിടെനിന്ന്
ആര്‍ക്കും അറിഞ്ഞുകൂടാ
വിമാനങ്ങളില്‍ നിന്ന്
അദൃശ്യച്ചിറകില്‍ പറന്നു വരുന്നു
തീവണ്ടികളില്‍ നിന്ന്
ചെറുചിരിസല്ലാപക്കാരായി
പനിച്ചോഴികള്‍ ഇറങ്ങിവരുന്നു
എയര്‍കണ്ടീഷന്‍ മുറികള്‍ക്കുപുറത്ത്
പനിച്ചുനില്‍ക്കുന്ന സൗഹൃദങ്ങള്‍
ടോയ്ലറ്റില്‍ നുരഞ്ഞുപൊന്തുന്നൂ
പനിയുടെ പേച്ചുകള്‍
ടെറസ്സില്‍നിന്ന് ടെറസ്സിലേക്ക്
തെരുവില്‍നിന്ന് തെരുവിലേക്ക്
പായ പുതച്ചു കടന്നുപോകുന്നു
ആരൊക്കെയോ.
തെരുവില്‍ അപ്പോഴും റോഡ്ഷോ:
ഉന്നൈ നാന്‍ വിടമാട്ടേന്‍
നായികയെ നായകന്‍
ആക്രാന്തത്തോടെ കെട്ടിപ്പിടിക്കുന്നു
കുഞ്ചിരാമന്റെ ചാട്ടത്തില്‍
കുതിരവണ്ടി കുലുങ്ങുന്നു
ട്രാഫിക് നിലയ്ക്കുന്നു
ജനം സബാഷ് പറയുന്നു.
ഓരോ വാതില്‍പ്പടിയിലുമുണ്ട്
അരിക്കോലങ്ങള്‍.
കഞ്ഞിക്കു വകയില്ലെങ്കിലും
ആണ്ടവന്റെ അരുളപ്പാടിനായി
ഇതു ചെയ്യാതിരിക്കാനാവില്ല.

ആര്യവേപ്പിലകള്‍ മൂടിയ
ഒരു വസൂരിക്കോലം ഇതാ
കാളവണ്ടിയില്‍
ചമ്രം പടിച്ചിരുത്തിയിരിക്കുന്നു
താളമേളങ്ങളോടെ
ആര്‍പ്പുവിളികളോടെ
കടവുള്‍ത്തോറ്റങ്ങളോടെ
അവര്‍ അവനെ കൊണ്ടുപോകുന്നു
നഗരത്തിലെ പുലര്‍ക്കാലം
ഒരു ശവമായി മുമ്പോട്ടു നീങ്ങുന്നു
എന്റെ നടത്തം നിലച്ചു
എന്നെയാണ്
ഈ ശവവണ്ടിയില്‍ കുടിയിരുത്തിയിരിക്കുന്നത്.
ചവിട്ടിപ്പിടിച്ച
കരച്ചിലുകള്‍ക്കു മീതെ
ഒരു യാത്രയയപ്പിന്റെ ഘോഷയാത്ര
എന്നത്തേയും പോലെ_________

സമകാലിക മലയാളം വാരിക 2011 ജൂണ്‍ 10

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...