Maravi-Ezhuthunnathu (251 downloads)
ഒരു പകുതിയില്‍ ഭൂതകാലത്തിന്റെയും മറു പകുതിയില്‍ വര്‍ത്തമാനത്തിന്റെയും ഭാരംപേറി അനതിവിദൂരഭാവിയുടെ വിഹ്വലതകളിലേക്ക് ഉറ്റുനോക്കുകയാണ് ദേശമംഗലം രാമകൃഷ്‌ണന്റെ കവിതകള്‍. മേനിവിയര്‍പ്പിനും കണ്‍വിയര്‍പ്പിനുമിടയിലും പ്രതീക്ഷയുടെ ചിത്രശലഭങ്ങളുയരുന്നതു കാത്തുനില്‍ക്കാനുളള പ്രസാദാത്മകതയും ഈ കവിതകളിലുണ്ട്. ഗഹനതയുടെ കാര്യത്തില്‍ വൈലോപ്പിളളിയുടെയും ഗ്രാമീണസൗഭാഗ്യങ്ങളില്‍ ഇടശ്ശേരിയുടെയും സാധനയില്‍ പി.യുടെയും സാന്ദ്രത നേടാന്‍ കഴിഞ്ഞ ദേശമംഗലം കവിതകള്‍ ആധുനിക-ഉത്തരാധുനികതകളുടെ ഇടുങ്ങിയ തെരുവുകളില്‍ മാത്രം അലയുന്നില്ല.
മിത്തുകളുടെയും നാടന്‍പാട്ടിന്റെയും പഴഞ്ചൊല്ലിന്റെയും തെളിഞ്ഞ മണ്‍പാതയിലൂടെയാണ് ദേശമംഗലം ആദ്യം മുതല്‍ക്കേ നടന്നുതുടങ്ങിയത്. ഈ നാട്ടുതനിമ തന്റെ തട്ടകമാണെന്ന് അവകാശപ്പെടുന്ന കവി നഗരജീവിതത്തിന്റെ കടുതരപീഡനങ്ങള്‍ക്കിടയിലും താലോലിക്കുന്നത് തന്റെ അനുഭവങ്ങളിലെ ഗ്രാമജീവിതത്തിന്റെ ദുരിതപൂര്‍ണ്ണമായ വിശുദ്ധിയെയാണ്: “കുട്ടിക്കാലത്ത് അറിഞ്ഞതും കേട്ടതും കണ്ടതും എല്ലാം സഞ്ചയിച്ചുണ്ടാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഉളളില്‍ ഭാഷ ഉണ്ടാക്കുന്നത്.” ഈ കാവ്യഭാഷതന്നെയാണ് അദ്ദേഹത്തിന്റെ കവിതകളെ വേറിട്ടു കേള്‍പ്പിക്കുന്നതും. മുറിഞ്ഞുമുറിഞ്ഞു കേട്ട താരാട്ടിന്റെയും അകന്നലിഞ്ഞുപോയ രാമായണകഥയുടെയും ക്ലാവുപിടിച്ച ഓട്ടമുക്കാല്‍ കിലുങ്ങുന്ന ബാല്യസ്‌മരണകളുടെയും തിന്നു തീര്‍ക്കേണ്ടിവന്ന ദാരിദ്ര്യത്തിന്റെയും ഗര്‍ഭസങ്കരത്തില്‍നിന്നൂറിവന്നവയാണ് ഈ കവിതകള്‍. മക്കളെ കര്‍ക്കടകം കടിക്കാതിരിക്കാന്‍ പാടുപെടുന്ന അമ്മയുടെയും അക്ഷരക്കുട ചൂടിച്ചു പദദോഷം പിടിക്കാതെ കുട്ടിയെ വീട്ടിലെത്തിച്ചു നടന്നു നീങ്ങിയ ഗുരുവിന്റെയും അനുഗ്രഹംകൊണ്ടു ദീപ്‌തമായ കവിതകളാണ് ഇവ. “സങ്കീര്‍ണ്ണ ബിംബങ്ങളുടെ ധ്വനിസാന്ദ്രതയാണ് ദേശമംഗലം കവിതയുടെ പ്രത്യേകത” എന്നു തനിക്കു തൊട്ടുമുമ്പേ നടക്കാറുളള അയ്യപ്പപ്പണിക്കര്‍ പറഞ്ഞിട്ടുണ്ട്. പിതൃ-മാതൃ-ഗുരുബിംബങ്ങളോടൊപ്പം സവിശേഷമായ ഒരു ‘ചങ്ങാതിബിംബ’വും രാമകൃഷ്‌ണന്റെ കവിതകളില്‍ കാണപ്പെടുന്നുണ്ട്. “എടോ”, “സഹോദരാ”, “സഖാവേ” എന്നെല്ലാമുളള സംബോധനകളാല്‍ അനുവാചകനെ ചങ്ങാതിയാക്കാനുളള ഒരു സാമര്‍ത്ഥ്യം അഥവാ ശുദ്ധത ഈ ബിംബത്തിനുണ്ടെന്നു കാണാം. ഇടശ്ശേരിയില്‍ നിന്നു തികച്ചും വിഭിന്നമായി കടുകുപൂക്കുന്ന കാലത്തിന്റെ ഓര്‍മ്മപോലുളള ഒരോപ്പോളിന്റെ ചിത്രവും ഈ വരികളില്‍ കാണാന്‍ കഴിയും. കവിതയില്‍ സ്വത്വം തെളിയിക്കാനാഗ്രഹിച്ച ദേശമംഗലം, നോവലിസ്‌റ്റായ ഒ.വി. വിജയനോട് ആരാധനാമനോഭാവം പുലര്‍ത്താനുളള കാരണം പിതൃസങ്കല്‍പ്പത്തിന്റെ സ്വാധീനമാണെന്നു പറയാം. വിജയന്റെ നോവലുകള്‍ ആറ്റിക്കുറുക്കിയാല്‍ കിട്ടുന്നത് പിതൃപുത്രബന്ധത്തിന്റെ സത്തയാണല്ലോ. വേദനിക്കുന്ന ഒരോര്‍മ്മപോലെ പിതാവും ഗുരുവും രാമകൃഷ്‌ണന്റെ കവിതകളില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്.