ധനുഷ്‌കോടിയിലെ നിഴലുകള്‍
ആരുടെ ചുട്ടുപൊള്ളും കൈകള്‍
എന്‍ തോളത്തു പതിക്കുന്നൂ
ആരുടെയൊപ്പം നടന്നെന്ന്
തിരിഞ്ഞുനോക്കുന്നൂ പാതകള്‍.
താഴ്ന്നു മറയുന്നൂ ചിലര്‍
കേറിവരുന്നൂ ചിലര്‍.
ഇരുകടല്‍നടുക്ക്
ഒരു മരുഭൂമി
അതിലൊറ്റക്കാലൂന്നി നില്‍ക്കുന്നൂ കാലം.
ടൂറിസ്റ്റുകള്‍ വന്നുപോകുന്നൂ
എവിടെയെങ്കിലും പോകണ്ടേയെന്നുകരുതി
ഇവിടെയും വന്നുപോകുന്നതാകാം
ഏറെ നില്‍ക്കില്ലവര്‍
ഇരുകടലിന്‍ തണുപ്പുകള്‍ മോന്തിയാ
കാലുകള്‍ നീങ്ങും:
ഒരേലസ്സില്‍ ക്ലാവുപോല്‍
മഞ്ഞച്ചരടില്‍ മുഷിച്ചില്‍ പോല്‍
നിഴലിരുള്‍ പടര്‍ന്നിടും.
ഇനിയിപ്പോള്‍ ഏതുനേരവും
കണ്ണുകാണാതെയാകാം
തെരുക്കനെ നടക്കുക.
ഓര്‍ത്തുനില്‍ക്കുകയാണുഞാന്‍
ഓര്‍മ്മകൊത്താത്തൊരു മുഖത്തിനെ.
ഭൂപടത്തില്‍ പണ്ടു
കണ്ടൊരാമട്ടില്‍ത്തന്നെ
ദിക്കിതു ധനുഷ്‌കോടി.
ഇവിടെ ചവിട്ടിനില്‍ക്കുമ്പോള്‍
പുകവാനം പൊതിഞ്ഞൊരെന്നാത്മാവില്‍
കുത്തിത്തുളയ്ക്കുന്നൂ രാവണന്‍പുല്ലുകള്‍.
രാമായണം പകുത്തു
നിവര്‍ത്തിയിട്ടപോല്‍
ഇരുകടലുകള്‍
കാറ്റത്തതിന്‍ തിരപ്പേജുകള്‍
മന്ത്രിക്കുന്നെന്റെ കാതില്‍:
കാത്തിരുന്നോരാണു
പൂര്‍വികര്‍ നമ്മളെ
കാത്തുനില്‍ക്കേണ്ടേ നാമും
ആ രക്തമുഖങ്ങളെ.
പണ്ടെന്തായിരുന്നിവിടം
കൊണ്ടുപോയീ കടലൊക്കെയും
ഇവിടെ വരച്ചിട്ടിരിക്കുന്നൂ
കറുത്ത ചായങ്ങളില്‍
വിധി പോരടിപ്പി-
ച്ചുയിരറ്റവര്‍തന്‍ കഥ.
ഒറ്റത്തോര്‍ത്തുടുത്ത്
അരയില്‍ താക്കോല്‍ക്കൂട്ടം തിരുകി
കടന്നുപോയൊരു കാലം
തിരിച്ചുവരുന്നെന്റെ
കണ്‍മുമ്പില്‍, ഞൊടിയിടയില്‍
മറഞ്ഞുപോകുന്നൂ….
കുതിച്ചെത്തുന്നൂ
റെയില്‍പ്പാളങ്ങളിലോര്‍മ്മകള്‍
തിക്കിത്തിരക്കുന്നൂ പ്ലാറ്റ്‌ഫോമുകള്‍.
ആരുടേയോ
കത്തിക്കാളും കൈകളായ്
നിരനിരെ വിളക്കുകള്‍.
രാമരാവണയുദ്ധത്തിന്‍
തെരുക്കൂത്ത്.
ബലിപിണ്ഡത്തില്‍
ചെറൂളയായ്
ചിന്നിപ്പരക്കും പുലര്‍വെട്ടം
……ഞൊടിയിട! കണ്ണില്‍
തെളിഞ്ഞൊരക്കാലം
തിരകളിലാഴ്ന്നുപോകുന്നൂ
കറുപ്പുമൂടിയ ദംഷ്ട്രകള്‍ നീട്ടി
അലറുന്നൂ മുള്ളന്‍കള്ളികള്‍.
ഇരുണ്ടൂ
ഇനി നടക്കണം വന്നവഴിയേ
എത്രകാതം!
കേള്‍ക്കുന്നൂ പൊടുന്നനെ-
യപ്പോളൊരൊച്ചയീ വിജനത്തില്‍:
”ഉനക്ക് ഉന്നൈ താന്‍ തെരിയാതാ
മടിയില്‍ കനമില്ലൈയാ
വഴിയില്‍ പയമില്ലൈയാ”
അമരത്തു കമ്പിറാന്തലും തൂക്കി
മീന്‍പിടിക്കാന്‍ പോകു-
മൊരുവനെ കാണ്മൂ.
അവനുപിറകിലു-
ണ്ടൊരുപാടു തോണിക്കാര്‍
അകലേക്കു പോവുകയാവാം
അറിയാതെയറിയാതെ
അവിടെ ലങ്കാതിര്‍ത്തി-
ക്കപ്പുറമാവുകില്‍
ഉതിരും വെടികളില്‍പ്പിട-
ഞ്ഞുതിരും ജീവ-
നെന്നറികിലും
പോവുകയാണവര്‍.
പോകുമപ്പോക്കില്‍ വെറുതെ
എന്റെ നേര്‍ക്കെറിഞ്ഞൊരാ
ചോദ്യത്തിലുഴറുന്നേന്‍.
ഇരുട്ടായ്.
വന്നവഴിയേ മടങ്ങണം
എത്ര കാതം!
ഒരു ചെരിഞ്ഞ നോട്ടമായ്
തെന്നിപ്പോയ്-ഒരുകാലം.