Deshamangalam | Portfolio of Deshamangalam Ramakrishnan

കവിപരിചയം

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ ദേശമംഗലത്ത് 1948ല്‍ ജനിച്ചു
നാട്ടിലും ചെറുതുരുത്തിയിലുമായി സ്കൂള്‍ വിദ്യാഭ്യാസം.
പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്ന് എം.എ.മലയാളം.
കോഴിക്കോട് സര്‍വകലാശാലയില്‍ ഡോ. കെ.എന്‍.എഴുത്തച്ഛന്റെ കീഴില്‍
ഗവേഷണം ചെയ്ത് പിഎച്ച്. ഡി.നേടി
(വിഷയം-നവ്യകവിതയിലെ ഭാഷാ ഘടനകള്‍-ശൈലീവിജ്ഞാനീയ സമീപനം)
കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പിന് അര്‍‌ഹനായി.
1975 മുതല്‍ 1989 വരെ വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപകന്‍.
1989 മുതല്‍ കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അധ്യാപകന്‍.
2008ല്‍ പ്രൊഫസറായി വിരമിച്ചു.
തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാല മലയാളവിഭാഗത്തില്‍ യൂ.ജിസിയുടെ എമെറിറ്റസ് ഫെലോ ആയി പ്രവര്‍ത്തിച്ചു (2009-2011).
മദിരാശി സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു(2011-2012). തുടര്‍ന്ന്  2016 വരെ തിരൂര്‍ തുഞ്ചത്തെഴുത്തച്ചന്‍ മലയാള സര്‍വകലാശാലയില്‍ സാഹിത്യ ഫാക്കല്‍ട്ടി ഡീന്‍. ഇപ്പോള്‍ മലയാളസര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസറും എഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്റെ എഡിറ്ററുമാണ്.

ഭാര്യ – പ്രൊഫ. സി.എസ്. ശ്രീകുമാരി
മകള്‍ – നിമിഷ ആര്‍.എസ്.
മരുമകന്‍ – ലാമി എം. ബോബി
പേരക്കുട്ടികള്‍-അനാമിക, നിരാമയന്‍

കവിതാസമാഹാരങ്ങള്‍

  • കൃഷ്ണപക്ഷം
  • വിട്ടുപോയ വാക്കുകള്‍
  • താതരാമായണം
  • കാണാതായ കുട്ടികള്‍
  • ചിതല്‍ വരും കാലം
  • മറവി എഴുതുന്നത്
  • വിചാരിച്ചതല്ല
  • എത്ര യാദൃച്ഛികം
  • കരോള്‍
  • ബധിരനാഥന്മാര്‍
  • എന്റെ കവിത

പഠനങ്ങള്‍

  • കവിയുടെ കലാതന്ത്രം
  • വഴിപാടും പുതുവഴിയും
  • നിരണം പാട്ടുകവികള്‍
  • എന്‍.എന്‍.കക്കാട്
  • വി.സി.ബാലകൃഷ്ണപ്പണിക്കര്‍
  • പുതിയകൃതി പഴയപൊരുള്‍ (എഡി.)
  • കാവ്യഭാഷയിലെ പ്രശ്നങ്ങള്‍ (എഡി.)
  • തുഞ്ചത്തെഴുത്തച്ഛന്‍ ജീവിതരേഖ (എഡി.)
  • തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം ഒരു പഠനം(എഡി.)

വിവര്‍ത്തനകൃതികള്‍

കവിതകള്‍

  • തെലുഗു കവിത 1900-’80
  • ഭാരതീദാസന്‍ കവിതകള്‍
  • ലോകകവിത ചില ഏടുകള്‍
  • സ്ത്രീലോകകവിത
  • ഭവിഷ്യത് ചിത്രപടം
  • ഡെറക് വാല്‍ക്കോട്ടിന്റെ കവിതകള്‍
  • കവിതയുടെ ഭൂഖണ്ഡങ്ങള്‍

നാടകം

ലൂണ (പഞ്ചാബി കാവ്യനാടകം)
ശൂദ്രതപസ്വി
(കന്നഡ നാടകം)
ചണ്ഡാലിക (ബംഗാളി കാവ്യനാടകം)


നോവലുകള്‍

  • നല്ലവളായ ഭീകരവാദി (The Good Terrorist-Dorris Lessing)
  • അര്‍തീമിയോക്രൂസിന്റെ മരണം (Death of Artemio Cruz-Carlos Fuentes)
  • പ്രസിഡന്റ് (The President-Angel Miguel Asthurias)
  • ഒരു മഞ്ഞസ്സൂര്യന്റെ പാതി (Half of a Yellow Sun – Chimamanda Ngosi Adichi)
  • അലയുന്ന നക്ഷത്രം (Wandering Star-Le Clesio)
  • ചെറുപ്പക്കാരനായ വെര്‍തറുടെ സങ്കടങ്ങള്‍ (Sorrows of Young Werther-Goethe)
Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (5285 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...