ഹനുമത് പാദരേ നീ പറന്നുവന്നൂ, ഗിരി
കടചോടെടുത്തെന്റെ വാനത്തില്‍ കുതിക്കുന്നൂ
കടലിന്‍ കിനാവായ കൈക്കുന്നില്‍നിന്നെന്‍ ചുണ്ടില്‍
അടരുമിലത്തളിര്‍ നുണഞ്ഞു ചിരിക്കുന്നേന്‍
നിനക്കു വഴിതെറ്റിപ്പോകുമോ, മൃതിയിലേ-
യ്ക്കരക്കാതമേ വേണ്ടൂ, ദൂരെയച്ചതിനില-
ത്തുയിരില്‍ തുടിപ്പറ്റു പോകുമോ, കുട്ടിക്കാല-
ക്കുസൃതി കൈയേറ്റൊരു ശാപത്തില്‍ പതിക്കുമോ.
ശങ്കിച്ചു നില്‍ക്കുന്നൂ ഞാ, നീ വിഷം നുരയും മുന്‍-
പെങ്ങനെ കറുത്തൊരക്കയത്തിലിറക്കി നീ
ഹരിതപര്‍ണ്ണങ്ങളായ് ഔഷധലതകളായ്
നിറഞ്ഞുനില്‍ക്കും സൗമ്യാനുഗ്രഹഗിരിതടം.
-കഥ തീരുന്നു വീണ്ടും മറ്റൊരു നിഴലിന്റെ
വഴിയില്‍ കോലും നൂലുമേയ്ച്ചു ഞാന്‍ നടക്കുന്നൂ
നനുത്ത മഞ്ഞില്‍ പുള്ളികുത്തുന്നൂ നിലാവുകള്‍
കുളിര്‍ത്ത മണ്ണില്‍ നിന്നും കാണികള്‍ പിരിയുന്നൂ.
തോളിലെ തോര്‍ത്താലിമയൊപ്പിയാ വഴിയൂടെ
ശാന്തസുന്ദരനെഴുത്തച്ഛനും നടക്കുന്നൂ.
ഓര്‍മ്മയിലൊരു കൂത്തുമാടത്തില്‍ നിലാച്ചിത്ര-
ക്കോലങ്ങള്‍ ചരടറ്റു, നിലച്ചൂ സങ്കീര്‍ത്തനം.
പനയോലകള്‍ മാറിമറിഞ്ഞൂ, എഴുത്താണി-
ത്തലപ്പില്‍ പൂക്കാലം പോയ് പൂമകള്‍ പിരിഞ്ഞുപോയ്
താഴ് വരകളില്‍ കേമദ്രുമകളലറുന്നൂ
വറ്റിയ കടലിന്റെയാര്‍ത്തിയോടൊരുത്തിയും
മക്കളും നിറയുന്നൂ വീടുകള്‍തോറും, പൊട്ട-
പ്പാതിരയ്ക്കവരുടെ വിത്തുകള്‍ വിതയ്ക്കുന്നൂ.
മുറ്റത്തു കാല്‍ കുത്തുമ്പോള്‍ മുള്‍ച്ചെടിപ്പടര്‍പ്പുകള്‍
കര്‍ക്കിടകത്തിന്‍ ചെളിത്തോടുകള്‍ തോറും തല-
യോട്ടികള്‍! നിലപ്പന നിവരാതതും നോക്കി-
യന്ധിച്ചു കിടക്കുമ്പോള്‍
നിലത്തേക്കിറങ്ങിയ താതന്റെ ജന്മാന്തര-
ക്കനിവിന്‍ ദേഹം നീള്‍നാക്കിലയിലുറങ്ങുന്നൂ.
അവസാനത്തെ കുളിക്കെത്തുന്നൂ സ്മരണകള്‍
അടിയില്‍ മരവിച്ചു വീഴുന്നൂ കൊടിപ്പടം
പകച്ചു നില്‍ക്കുന്നൂ ഞാന്‍, ജഡമേഖലയൊരു
നിഴലാട്ടത്തിന്‍ രംഗശാലയായ് നിവരുന്നൂ
ഇവനില്‍ രാമായണം പച്ചകുത്തിയതേതു
കവി, യാരവളേതു നാട്ടിലിന്നലയുന്നൂ
പാദത്തില്‍ പാദം, കാലിന്‍വണ്ണയില്‍ ഗദ, മുട്ടില്‍
ബാലിയും, തുടകളില്‍ അഹല്യ, ചൂട്ടും കത്തി-
ച്ചുയരും ശിവലിംഗത്തുമ്പിലായ് ധനുസ്സുകള്‍.
പൊക്കിളില്‍ ഗുഹന്‍ തോണി നിര്‍ത്തുന്നൂ, കരിനെഞ്ചില്‍
ശൂര്‍പ്പണഖയെ നോക്കി കളിവാക്കോതുന്നവന്‍,
കൈത്തണ്ടില്‍ ഇരാവണന്‍, പുറത്ത് ലങ്കാലക്ഷ്മി.
വലംകൈത്തലത്തിലായ് യാത്രചോദിക്കും പ്രിയ-
മകന്റെ മുന്‍പില്‍ തുമ്പിക്കൈയറ്റ ദശരഥന്‍,
ഇടംകൈത്തലത്തിലായ് ശിംശിപാ വൃക്ഷച്ചോട്ടില്‍
ഇടറും ദേവി!-എന്റെ താതനില്‍ വ്യഥയുടെ
കഥകള്‍ വായിക്കുന്നേന്‍.
-പുലവര്‍ പറയാത്ത കഥയ്ക്കു വേഷം കെട്ടാന്‍
നിഴലോരോന്നും വന്നിപ്പുഴയില്‍ കുളിക്കുമ്പോള്‍
കടവില്‍ തനിച്ചായി നില്‍ക്കുന്നേന്‍, ബലിവാവു
വിളിക്കും മരക്കൊമ്പില്‍ കറുത്തൂ വിലാപങ്ങള്‍.
അമ്പിളി നിഴലായി സൂര്യനും നിഴലായി
അസ്തമയങ്ങള്‍ കെന്തിക്കേറുന്നൂ ഹൃദയത്തില്‍.
കറുത്ത മഴയിതില്‍ വെളുത്ത തിരശ്ശീല-
പ്പടര്‍പ്പി, ലന്ത്യോദക-
ച്ചിന്തു നേരുന്നേന്‍ താത,
ബ്രഹ്മാണ്ഡപ്രളയത്തില്‍
അന്ധനായലയുന്നേന്‍.
വേണ്ടതു മറക്കുവാന്‍ നീ തന്ന വരത്തിനാല്‍
വേവലാതികളില്ല, ഞാനച്ഛാ ചിരിക്കുന്നൂ.
പരിത്യക്തനായ് വാതിലോരോന്നുമടയുമ്പോള്‍
നിന്റെ കൈത്തലം രക്ഷ
ആറാത്ത തീക്കുണ്ഡത്തില്‍ ചവിട്ടി നടക്കുമ്പോള്‍
നിന്‍ ഗൂഢമൗനം രക്ഷ
ഒടുവില്‍ നിഴലായി വീഴുമ്പോഴെനിക്കു നിന്‍
കൂത്തുമാടമേ രക്ഷ.
(താതരാമായണം 1994)
മറ്റു കവിതകള്‍
രണ്ടാംജന്മം |
ധനുഷ്‌കോടിയിലെ നിഴലുകള്‍ |
മാഫിയാ സ്വാഗതം |
ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം |
വളര്‍ത്തുകാട് |
എന്‍ കവിതയില്‍ |
പ്രിയപ്പെട്ട വാശി |
തോവാളനിധി |
അവസാനം പുല്ലുകള്‍ |
ഇനിയെന്തിന് |