Deshamangalam | Portfolio of Deshamangalam Ramakrishnan

കടുകുപൂത്തപ്പോള്‍

കടുകു പൂക്കുന്നു-കരളിലേക്കേതോ
ചെതുമ്പല്‍ക്കണ്ണുകള്‍ തുറിച്ചുനോക്കുന്നു.

കടുകു പൂക്കുന്നു പിഴുതെറിയണം
പടിയിറങ്ങുമ്പോള്‍ പറഞ്ഞുകേള്‍ക്കുന്നു
ചുമരില്‍ ഗൗളികള്‍ ചിലച്ചിരിക്കുന്നു
ഉഴക്കുവെള്ളമേ കിണറ്റിലിന്നുള്ളൂ.
കരയില്‍ കൈനീട്ടിയിവറ്റ നില്‍ക്കുന്നൂ.
ചെറുമഞ്ഞപ്പൂക്കള്‍ വിടര്‍ത്തി നീട്ടിയെ-
ന്നിറയത്തെത്തിയോ, അകത്തു കേറുമോ,
വിരുന്നിനായാരോ വരുന്നുവെന്നല്ലേ
വളരെനാളായിച്ചെടികള്‍ ചൊല്ലുന്നു.
അവനെപ്പൂജിച്ചു വിളമ്പുവാനാരാ-
ണിവിടെ, ഇന്നാരാണെന്റെ ഭക്ഷണം?

കുഴമണ്ണില്‍ ഞെട്ടിയുണര്‍ന്നെണീറ്റെങ്ങള്‍
കറുത്ത പെട്ടിയിലുറങ്ങുവോളവും
പരസ്പരം മാന്തിപ്പൊളിച്ചും നോവിച്ചും
പകകാട്ടിപ്പിന്നെയസാരം സ്നേഹിച്ചും
മടുപ്പുതോന്നാതെ കഴിയുവോരാണ്ടി-
ന്നറുതിയില്‍ പുത്തന്‍ പുടവയ്ക്കായ്, പഴം-
നുറുക്കിനായ്, മുങ്ങിത്തുടിക്കുമാതിര-
പ്പുലരിക്കാറ്റിനായ് തപസ്സുചെയ്യുവോര്‍

പഴയ പത്തായം തുറക്കുമ്പോള്‍ ഞങ്ങ-
ളൊരുമിച്ചു മണം പിടിച്ചു നില്‍ക്കുവാന്‍
അടതിന്നു മുങ്ങിക്കുളി, ച്ചിലക്കുറി-
യണിഞ്ഞൊരോപ്പോളോടിണങ്ങി നില്‍ക്കുവാന്‍
പിതൃക്കള്‍തന്‍ പെട്ടി തുറ,ന്നതിന്‍ ജന്മ-
പരമ്പര നൂലും നിഴലും കോര്‍ത്തൊരു
നിലാവു പൂക്കുന്ന കസവുമുണ്ടുകള്‍,
പുളിയിലക്കര, യുടുത്തു കുമ്മികള്‍
മതിര്‍ത്തുതിര്‍ക്കുവാന്‍
ഇനിയും കാലങ്ങള്‍ വരുന്നുവെന്നൊരേ
നിനവിന്‍ തേനട കിനിഞ്ഞു വീര്‍ക്കുമ്പോള്‍
അടുപ്പിച്ചുനിന്നുള്‍പ്രിയം പറയുമീ
ഗൃഹത്തിലാരാണിന്നിറങ്ങിപ്പോകുവാന്‍?
അകത്തളത്തിലെ ജ്വരക്കിടക്കയില്‍
തമാശകള്‍ ചൊല്ലിക്കിടന്നൊരോപ്പോളേ,
പൊടുന്നനെ നിലത്തിറങ്ങി നാക്കില
പുതച്ചുകൊണ്ടെങ്ങോ മറഞ്ഞുപോകുമ്പോള്‍
പറഞ്ഞുതീരാത്ത കവിതയ്ക്കായ് കാതും
തുറന്നു നിന്‍ പിന്നില്‍വരുന്നു തുമ്പികള്‍
കടലുകാണിച്ചു, ചെവിയോര്‍ത്താല്‍ ശംഖില്‍
കടലിരമ്പുന്നകഥ പറഞ്ഞുതന്നു നീ
കുളിപ്പിക്കെ ചെല്ലക്കുസൃതിയില്‍ തെന്നി-
വഴുതിപ്പോകുമ്പോള്‍ പിടിച്ചു നിര്‍ത്തി, യെന്‍-
തലയില്‍ തേന്‍കുടമൊഴിച്ചു തുള്ളിച്ചു.
വളര്‍ന്നു പിന്നെ ഞാനകന്നു വാത്സല്യ-
ക്കരിമ്പുതിന്നുവാന്‍ മറന്നുപോയതും
തമിഴകത്തുപോയൊളിച്ചുപാര്‍ത്തു നീ
അയിത്തക്കാരിയായകന്നു നിന്നതും
വിശേഷമെത്രയോ…മറക്കുന്നേനെല്ലാം
ഒടുവില്‍ നിന്‍ മണ്ണു വിളിച്ചു പോന്നു നീ.

കടുകുകള്‍ മൂത്തു മദിച്ചു പൊട്ടുമീ
നിളാനദിക്കരെയൊരുപിടിയരി
നനച്ചുവെച്ചതില്‍ ചെറൂളയും നീരും
ഉഴിഞ്ഞുതിര്‍ക്കവേകരയുന്നില്ല ഞാന്‍

ധരയില്‍ ജീവിച്ച ദിനങ്ങളില്‍ നിന-
ക്കൊരു ചാന്തോ മുഖം മണക്കും പൗഡറോ
മറക്കവയ്യാത്ത ഹൃദയത്തിന്നുപ്പോ
വിശപ്പിനു നാഴിയരിയോ തന്നീല
ഇരുട്ടുകള്‍ കുത്തിത്തുളച്ച കണ്ണുമായ്
ഇറയത്തു നിന്നു വിളിച്ചു ചോദിക്കെ
അവജ്ഞയില്‍ നീട്ടും ചെറുതുച്ഛിഷ്ടങ്ങള്‍
ചെറുചിരിയോടെ തിരസ്കരിച്ചു നീ
എനിക്കു വേണ്ടുണ്ണീ നിനക്കിരിക്കട്ടെ
എനിക്കു നിന്‍ നന്മ മതിയതോര്‍ക്കുക.

ശിരസ്സില്‍ നാലായിമടക്കിയ നിലാ-
ത്തുകിലുമായ് വാനമിടറി നില്‍ക്കുമ്പോള്‍
അരികത്തു വന്നെന്‍ നിറുകയിലോപ്പോള്‍
മുകര്‍ന്നുകൊണ്ടെന്നെത്തഴുകിപ്പോകുമ്പോള്‍
കദനങ്ങള്‍ പൂട്ടിയുടച്ചൊരെന്‍ നെഞ്ചില്‍
തഥാഗതന്‍തന്നെ നിറഞ്ഞു വിങ്ങുന്നൂ.

(താതരാമായണം1994)

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (5288 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...