1. കറുക
കാടിന്നോരത്തൂടെ
വയലിന്‍ വരമ്പിലൂടെ
മഞ്ഞുതുള്ളികള്‍
ചവിട്ടിത്തെറിപ്പി-
ച്ചുള്ളംകുളിര്‍ത്തു നടക്കെ
ചാടുന്നൂ പുല്‍ച്ചാടികള്‍
അവയുടെ ജമ്പറില്‍
ഇറ്റുതെറിച്ചുവോ
മുഖംതുടച്ചൊളിനോട്ടംനോക്കി
കുതിച്ചുവോ.
കുഞ്ഞിത്തവളയെക്കണ്ടിട്ടൊരു
പേടിയുമില്ല ചെറുമീനിന്
എങ്കിലും തമ്മില്‍ പകച്ചുനോക്കുന്നു.
ഒരു കാക്ക വന്നിരിക്കുന്നു വരമ്പില്‍
ചേറിലുണ്ടിഴയുന്നൂ മണ്ണിര
ഒറ്റക്കൊത്തിനു കിട്ടുമോ
വഴുക്കിത്തെന്നുമാ ഞരമ്പിനെ.
തിരിഞ്ഞുനോക്കിക്കൊണ്ടേ നടക്കെ
ഒരു കറുക ചുറ്റിപ്പിടിച്ചെന്‍ പാദങ്ങളില്‍
പറയുകയാണ്:നോക്കിനടക്കണം
വല്ല ദംഷ്ട്രയുമേറ്റാലോ
നിന്റെ പൈതലിന്‍ വിരലില്‍
ഉദകക്കണ്ണീരിറ്റുവീഴുമൊരു
മോതിരമാകാന്‍
കൊതിപ്പീല ഞാന്‍.
2. ഞാങ്ങണപ്പുല്ലുകള്‍
ഭൂമിക്കു ഭ്രാന്തുപിടിച്ചപോലെ
ഞാങ്ങണപ്പുല്ലുകള്‍
എത്ര പൊക്കത്തില്‍ തലയാട്ടി നിന്നവ
വലിച്ചു കുടിക്കുന്നൂ കൊടുങ്കാറ്റുകള്‍.
ഞാങ്ങണപ്പുല്ലുകള്‍ കാണുമ്പോള്‍
ഓര്‍ത്തുപോകുന്നവനച്ഛനെ:
അന്നച്ഛന്‍ കിടന്നിരുന്നവിടെ
ഒരുകുടം ചോരയായ്.
കിടന്നിരുന്നവിടെ
ഒരു കൊടിക്കൂറ
കിടന്നിരുന്നവിടെ
ചില മുദ്രാവാക്യക്കുറിപ്പുകള്‍.
ഞാങ്ങണപ്പുല്ലുകള്‍ നാലുപാടും
ആര്‍ത്തിരമ്പിയൊരു വീടായി നില്‍ക്കെ
ആ വീട്ടിലെന്നച്ഛന്‍
മോചനം കൊതിച്ചെത്രനാള്‍
കാഞ്ചിയില്‍ വിരല്‍ചേര്‍ത്തു കാത്തിരുന്നു.
മറ്റു കവിതകള്‍