ഒടുവില്‍
ഒറ്റക്കാള കെട്ടിവലിക്കും ശകടത്തില്‍
അടയ്ക്കാനാവാത്തൊരു വായയായ്
കടന്നുപോകുന്നതാരേ
എതിര്‍നാവുകളരിഞ്ഞിട്ട നീയോ, രക്ഷകാ.
പകര്‍ന്നുതന്നതു വെറുപ്പല്ലേ നീ
പകര്‍ന്നാട്ടത്തില്‍ ചത്തുമലച്ചതും നീതന്നെയോ
ചുരുണ്ടുകൂടുന്നൂ കൊടിക്കൂറകള്‍
ചുളിയുന്നൂ ഘടാകാശം
പിടഞ്ഞുചിതറും പുത്രമുഖങ്ങള്‍ നോക്കി
അലറുന്നൂ സ്തന്യം ചുരത്തിയോരാത്മാവുകള്‍:
‘കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍തന്നെനീ
കൊല്ലിക്കയത്രേ നിനക്കു രസമെടോ’.
ഒടുവില്‍ നീ നീട്ടിയ ചങ്ങല
മുറുകിയതു തന്‍ കാലിലേ
നീ വീശിയ കൊടുവാളോ
പതിച്ചതു തന്‍ നെഞ്ചിലേ
ഇരുളുകനക്കുമീ ചുരത്തിന്‍ തെറ്റത്ത്
ഇടറിനില്‍ക്കെ
ഉരുള്‍പൊട്ടുകയാണെന്നുള്ളിലൊരു രോദനം
കാതുപൊട്ടിയൊരു ദിക്കിലിന്നാരേ
ഇതു കേള്‍ക്കുവാന്‍
കണ്ണുപൊട്ടിയൊരു ദിക്കിലിന്നാരേ
ഇതു കാണുവാന്‍.
കലങ്ങിയൊരൊഴുക്കുത്തില്‍
കൊത്തിനുറുക്കിയിട്ടതാരെന്‍
ചാന്ദ്രമുഖത്തിനെ.
കുഴിച്ചുമൂടിയൊരൊച്ചയ്ക്കുമീതേ
കുലയ്ക്കുന്നുണ്ടൊരു രോദനം
ഉടല്‍ നഷ്ടമായിട്ടും
വളരുന്നുണ്ടിവിടെ
ഒരു കട്ടിക്കരിനിഴല്‍.
വളഞ്ഞുവെയ്ക്കുന്നുണ്ടിവിടെ നമ്മളെ
വര്‍ത്തമാനച്ചുടലകള്‍.
മേഘവിസ്മൃതിയാളും
വരള്‍ക്കുന്നിന്‍പുറങ്ങളില്‍
ഇനിയെന്തിനീ പീലിയാട്ടങ്ങള്‍
ആശംസാവരക്കുറി മാഞ്ഞുപോയിട്ടും
ചിലയ്ക്കുന്നതെന്തിനു വരള്‍മരക്കൊമ്പില്‍
സേതുബന്ധനക്കിനാവുകള്‍.
മറ്റു കവിതകള്‍