ഇന്നലെത്തെപ്പോലെ ഇന്നും
ആകാശമെന്തോ വിഷം തീണ്ടിയോ
ചൊരുക്കിക്കിറുങ്ങിച്ചുളിഞ്ഞിരിക്കുന്നു.
മാഞ്ഞുപോയ് ശംഖുപുഷ്പത്തിന്‍ നീലകള്‍
ചാഞ്ഞുപോയ് മരക്കൊമ്പത്തിലകള്‍
കാഞ്ഞമണം വന്നിടിക്കുന്നു മൂക്കില്‍
ഇന്നലെത്തെപ്പോലെ ഇന്നും
എന്റെ ജീവനില്‍ മങ്ങൂഴം നിറയുന്നു
ഒരു പൂവും തരുന്നില്ല സുഗന്ധം
ഒരു തിരയും തരുന്നില്ല കുളുര്‍മ
ഇന്നലെത്തെപ്പോലെ ഇന്നും
ഇന്നലെയെന്നാല്‍
ഇന്നിനു മുമ്പുള്ളൊരിന്നലെ മാത്രമല്ലല്ലോ.
എങ്കിലും നീ പറയുന്നു:
അതൊന്നും സാരമില്ല
ഇതൊക്കെയങ്ങു സഹിക്കാമെന്നേ
നമുക്കിങ്ങനെ ഇത്തിരിനേരം മരിച്ചിരിക്കാം
ഇല്ലെങ്കില്‍ ജീവിതം മുമ്പോട്ടു പോകുമോ
ഇതിലിത്രയ്ക്കു സങ്കടപ്പെടുവാന്‍
എന്തിരിക്കുന്നൂ
കിളികള്‍ക്കു പുഴകള്‍ക്കു നമ്മള്‍ക്കുമിത്തിരി
വീര്‍പ്പുമുട്ടുണ്ടാകിലെന്തേ
-ആശ്വസിപ്പിക്കുന്നു നീ
ഇന്നലെത്തെപ്പോലെ ഇന്നും.
സ്വന്തം മനോധര്‍മ്മസങ്കടം മാത്രം
മൂടിവെച്ചു ചിരിക്കുന്നു നീ.
ജനലുകളടച്ചാണിരിക്കുന്നതെങ്കിലും
പുകവന്നു നിറയുന്നു മുറിയില്‍
പിടയുന്നു ശ്വാസകോശങ്ങളെന്നാലും
ചിരികൊണ്ടുയിര്‍പ്പിച്ചു നിര്‍ത്തുന്നിതെന്നെ നീ.
ചീഞ്ഞുകലങ്ങിവരും പൈപ്പുവെള്ളത്തെ
വീഞ്ഞാക്കിമാറ്റുന്നൂ നിന്റെ തമാശകള്‍.
ഈച്ചകളാര്‍ക്കുന്ന
മാലിന്യക്കൂമ്പാരം കൊണ്ടുനീ
പാചകവാതകം തീര്‍ത്തതിന്‍
വീരസ്യം വിളമ്പിത്തരുന്നൂ.
എന്തിനുകൊള്ളാം നിങ്ങളെയെന്നു പറവതു
പന്തികേടാണെങ്കിലും
നമ്മള്‍ക്കു നമ്മളേ നല്ലൂ എന്നൊരു ചൊല്ലില്‍
എന്റെയുത്തരം മുട്ടിച്ചു നില്‍ക്കുമ്പൊഴും
ഇന്നലെത്തെപ്പോലെ ഇന്നുമീനേരത്ത്
എന്തോ വിഷംകുടിച്ചെന്നപോലെ
മന്ദിച്ചമാന്തിച്ചു പരുങ്ങിനില്‍ക്കുന്നു നീ
അപ്പൊഴും നീ പറയുന്നു:
ഇന്നലെത്തെപ്പോലെ
ഇന്നും ഇത്തിരിനേരം മരിക്കുവാന്‍
നമ്മളൊന്നിച്ചുകൂടുന്നതേ മഹാപുണ്യം.
മറ്റു കവിതകള്‍