ചീര്‍ത്ത മനസ്സിലതിമൃദുലമായ് ഒരു
സൂചികുത്തുമ്പോള്‍ എന്തൊരാശ്വാസം
ദുഷ്‌കൃതം കേറിത്തിമര്‍ക്കുമ്പോള്‍
എത്ര സുകൃതം ഒന്നു ചിരിക്കുകില്‍.
ഒരു തിരിവൊരുചുഴി ചെറുകുറിമാനം
ചൂളം വിളിക്കുന്ന വരചക്രവാളം.
ഒരു കളിക്കാളവണ്ടിയാ,ണതുതട്ടി
കുതിരകളെത്ര മലച്ചുവീഴുന്നു
ഒരു ചെറുമീനിന്റെ കളിയാട്ടം, അതുകണ്ടു
വലിയവയ്ക്കില്ല നീന്തല്‍പ്പൊറുതി.
ഉണ്ടാവണം മനോധര്‍മ്മശാലയില്‍
ഉരുണ്ടുകൂടും കരിങ്കാറുകള്‍
അവ കൂട്ടിമുട്ടിച്ചൊരിയണം മിന്നല്‍
ഇടിമുഴക്കങ്ങള്‍. സുഖശീതളമൊരു
മഴത്തുള്ളിയെങ്കിലും
കിനിയാതിരിക്കില്ല
ആ ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം.
നോക്കിനോക്കിയിരിക്കെ
ഞാനൊരപ്പുക്കിളിയാവും
പയ്യന്‍സും ചാത്തന്‍സുമാവും
കിള്ളിക്കുറിശ്ശിയില്‍ തുള്ളും.
അവധിക്കു വീട്ടിലെത്തുമ്പോള്‍ ശങ്ക-
രേട്ടന്റെ വര നോക്കിനില്‍ക്കും.
ഇംഗ്ലീഷുകോഴിയെന്നെന്നെ വിളി-
ച്ചങ്കവാലും കിരീടവും ചാര്‍ത്തുവതു കാണ്‍കെ
ഒരു തെല്ലു നീരസം തോന്നിയാലും
ഞാനെന്നെത്തന്നെ മറന്നു ചിരിക്കും.
എന്റെ മാറ്റങ്ങളെയെന്നഹങ്കാരത്തെ
കുമ്പളങ്ങ പോലെ കൊത്തിനുറുക്കുമ്പോള്‍
ചീറ്റിത്തെറിക്കുമാ തണുതണെയുള്ളൊരു
നീറ്റിലെന്നുയിരു കുളിര്‍ക്കും.
നോക്കൂ ഇതാ എന്റെ ശങ്കരേട്ടന്‍
ആറ്റിക്കുറുക്കി വരച്ചൊരു ചിത്രം:
-ഒച്ചിന്‍പുറത്തിരിക്കുന്നിതംബേദ്കര്‍
ചാട്ട വീശുന്നൂ, വേഗമാവട്ടെ
പിറകില്‍ വന്നു നില്‍ക്കുന്നൂ നെഹറു
ചാട്ട വീശുന്നൂ, വേഗമാവട്ടെ-
എത്ര മുമ്പാണത്! അന്നതു കണ്ട നെഹറുവും
എത്ര ചിരിച്ചു മരിച്ചിരിക്കാം.
നോക്കൂ, ഇതാ എത്ര കമ്പനിപ്പുക മൂടിയാലും
പുലര്‍കാലം പോല്‍ ബാല്യമായ്
ഇല്ലൊരു കാലവും.
അതിലും സുകൃതകര-
മെന്റെ ഗോപീകൃഷ്ണന്‍
അന്നന്നു കിട്ടുന്ന മണ്ണൊക്കെ വാരിവിഴുങ്ങി
എന്നും പുലര്‍ച്ചയ്ക്കു
കാട്ടിത്തരും വിസ്മയങ്ങള്‍.
പതിവായെന്‍ മുറ്റത്തു വന്നുവീഴും പകല്‍-
ച്ചുരുളു നിവര്‍ത്തിപ്പിടിച്ചതിന്‍ ചിത്ര-
മൂലയില്‍ നോക്കി-
യൊരു ചുടുകട്ടനും മോന്തിയിരിക്കുക
കേറിക്കേറിപ്പോകുക
ലോകാലോകങ്ങള്‍.
അരസികന്മാര്‍ പിന്നെ
പെരുകുക കൊണ്ടല്ലോ
ചിരിവെളിച്ചം കെട്ടു
പോകുന്നു ഭൂതലേ.
മറ്റു കവിതകള്‍