കഥ എന്തായിരുന്നൂ
വെറുതേ ആട്ടം കണ്ടിരുന്നൂ
കളി തീര്‍ന്നില്ലിപ്പൊഴും
ചുകന്ന കണ്ണുമായ് പുലര്‍ച്ചേ
തിരിച്ചുഴന്നു നടക്കുന്നേന്‍
ഏതോ കനവിന്‍ കലക്കത്തില്‍
ദിക്കുകള്‍ വഴിയോരങ്ങള്‍
കാട്ടുന്നൂ പാദമുദ്രകള്‍
ഒറ്റയ്കു നടക്കുന്നേന്‍
പാതകള്‍ വലിച്ചുംകൊണ്ടോടുന്നൂ
പാട്ടെന്‍ ചങ്കില്‍ നുറുങ്ങുന്നൂ
മിണ്ടാതെ നടക്കുന്നേന്‍
ഓര്‍മ്മയിലൊഴുകുന്നൂ: കാലടിപ്പാടുകള്‍
അക്കരെ ഇക്കരെ വാളും ചിലമ്പുമായ്
പായും വെളിച്ചപ്പാടിന്‍ മഹാമൌനം
പ്രിയപ്പെട്ട കനവേ കടവേ
ദിനരാത്രക്കുടങ്ങളേറ്റിയീവഴി
കേറിപ്പോയ് പണ്ടൊരാള്‍
തേവര്‍ക്കഭിഷേകമെന്നാവാം
അവനോ തന്റെയാത്മാവില്‍
തോരാക്കണ്ണീര്‍ നിമജ്ജനം
അവന്റെ പട്ടിണിക്കരച്ചിലിന്‍ഭാഷ
അവന്റെ കവിതയ്ക്കു ചിറകായത്
കനവേ കടവേ നിന്നില്‍ നിന്നല്ലോ
അവന്റെ കരിവീട്ടിക്കാതലില്‍
കാതു ചേര്‍ക്കയാല്‍
അവന്റെ നിറകുടച്ചന്ദ്രനെന്നെ വിളിക്കയാല്‍
മാത്രം എന്‍ കണ്‍ തുറന്നത്
ചങ്ങല കുലുക്കിയോടി-
പ്പുളയ്ക്കുവോരാണിവിടെയെങ്കിലും
ഇക്കടവേ എനിക്കു ശരണാഗതി
ഇവിടെ തെല്ലു നിന്നു പോകുന്നെന്‍ കാലുകള്‍
മുമ്പുമിവിടുന്നല്ലോ കൈക്കുമ്പിള്‍ നിറയെ
തണ്ണീര്‍ കോരിക്കുടിച്ചത്
കഥകളിപ്പെട്ടിക്കുള്ളിലെന്‍ മടക്കയാത്ര
പുളിച്ചു മധുരിക്കും കണ്ണിലോ പുലര്‍വെട്ടം
ഇല്ല- ഇതൊടുങ്ങാത്തൊരിരുട്ടറ
തിരിച്ചു വരുമോ ശാന്തിയീവഴി
ഇപ്പൊഴിമക്കൈയിലെ കമ്പിറാന്തലില്‍
തിരിതെളിയുന്നുണ്ടാകുമോ
അന്നെത്ര വലുതായിരുന്നൂ ലോകം
അന്നെത്ര വലുപ്പമുള്ള മാനുഷര്‍
-അവന്റെ കണ്ണില്‍ വായിക്കാം
വലിയ ലോകത്തില്‍ ചെറുതായ്
ചെറുതായ് രസത്തുള്ളി പോല്‍
ചിന്നിത്തെറിച്ചു മറയുമ്പൊഴും
അറിയാമായിരുന്നാ നിഴല്‍കളെ
തണല്‍ ചൊരിയും സഹജാതരെ
അവര്‍ക്കുള്ളില്‍ പിടയ്ക്കുമൊരു പക്ഷിയെ
കനവിന്‍ കടവേ
മൂഢമായ് നിന്‍ മടിത്തട്ടില്‍
കാത്തിരിക്കുന്നു ഞാനാരെയോ
മടങ്ങിപ്പോകാനുള്ളതാണീ വഴി
എങ്കിലും തിരിച്ചു വരാനുണ്ടെനി-
ക്കൊരായിരം സുമനസ്സുകള്‍
തിരിച്ചു വരുംവരെ ഇവിടെ നില്‍ക്കുകെ-
ന്നനുനയിപ്പിച്ചാണന്ന്
അമ്മയക്കരെ പോയതും
ചിത്തഭ്രമത്തിന്നലാത-
ചക്രം നിലച്ചീ, ലിന്നോളവും
അവളെ കണ്ടുമില്ലല്ലോ
സൂര്യ ചന്ദ്രന്മാരോടു ചോദിച്ചാലറിയാം
അവളെപ്പറ്റിയുള്ള സല്‍ക്കഥ
അതിനെത്രദൂരം താണ്ടിപ്പോകണം
നടന്നാലും തെരുക്കനെ
പറന്നാലുമവിടെയെത്തുമോ
ഉടഞ്ഞു ചിതറലേ ഗതി…
സമകാലിക മലയാളം വാരിക മെയ് 18, 2012
മറ്റു കവിതകള്‍
രണ്ടാംജന്മം |
ധനുഷ്‌കോടിയിലെ നിഴലുകള്‍ |
മാഫിയാ സ്വാഗതം |
ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം |
വളര്‍ത്തുകാട് |
എന്‍ കവിതയില്‍ |
പ്രിയപ്പെട്ട വാശി |
തോവാളനിധി |
അവസാനം പുല്ലുകള്‍ |
ഇനിയെന്തിന് |