Deshamangalam | Portfolio of Deshamangalam Ramakrishnan

എന്‍ കവിതയില്‍

മുകപ്പില്‍
ഓട്ടുമ്പുറത്ത്
പുതുചാറ്റലിന്‍
വരിച്ചാലുകള്‍.

മൊട്ടിലേയ്ക്കും
പൊട്ടിവിരിയും സുഗന്ധത്തിലേയ്ക്കും
വെട്ടിവീഴ്ത്തിയ ശിരസ്സിലേയ്ക്കും
കൊളുത്തിപ്പിടിച്ചു നീങ്ങും
ഉറുമ്പുവരികള്‍.

ഊത്തേറ്റു മറിഞ്ഞാലും
പിന്നെയും പിന്നെയും
എഴുന്നേറ്റുനിന്ന്
കാറ്റിനെ പാടുപെടുത്തും
ശീട്ടുപഗോഡ നിരകള്‍.

മണലിന്‍പിറകേ പാഞ്ഞു
കിതയ്ക്കും കാറ്റിന്‍ ശ്വാസങ്ങള്‍
എഴുതും ദാഹവരികള്‍.

കാറ്റിനുപിറകേ
പൊങ്ങിനിവരും
മണല്‍ക്കെട്ടുകളില്‍ നിന്നും
പൊഴിയും നിഴല്‍വിരല്‍വരികള്‍
എന്‍കവിതയില്‍
ഈണമിട്ടുയരും പിന്നെ
പാതിവഴിയില്‍വച്ചു
പിടഞ്ഞുതിരും
ഈ ദിവാസ്വപ്ന മൂളക്കങ്ങള്‍.

 

മറ്റു കവിതകള്‍

 

രണ്ടാംജന്മം

പൂര്‍ണരൂപം

 

ധനുഷ്‌കോടിയിലെ നിഴലുകള്‍

പൂര്‍ണരൂപം

 

മാഫിയാ സ്വാഗതം

പൂര്‍ണരൂപം

 

ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം

പൂര്‍ണരൂപം

 

വളര്‍ത്തുകാട്

പൂര്‍ണരൂപം

 

എന്‍ കവിതയില്‍

പൂര്‍ണരൂപം

 

പ്രിയപ്പെട്ട വാശി

പൂര്‍ണരൂപം

 

തോവാളനിധി

പൂര്‍ണരൂപം

 

അവസാനം പുല്ലുകള്‍

പൂര്‍ണരൂപം

 

ഇനിയെന്തിന്

പൂര്‍ണരൂപം

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (5316 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...