അഗസ്തീശ്വരം കല്‍ക്കുളം തോവാള….
വായിച്ചിട്ടുണ്ടൊരു ക്ലാസ്സില്‍
മീന്‍വില്‍പ്പനക്കാരന്റെ മട്ടിലാപ്പേരുകള്‍
നീട്ടിവിളിച്ചുപറയുന്നു നമ്പിടിമാഷ്.
അതിര്‍ത്തിക്കല്ലുകളാണവയെന്നും
അവിടേയ്ക്ക് എസ്‌കര്‍ഷന്‍ പോണമെന്നും
മാഷ് പറയാറുണ്ടായിരുന്നു.
2
എന്റെ വീടുനില്‍ക്കുമിടംതന്നെ
എങ്ങെന്നുമെന്തെന്നുമറിയാത്തൊരക്കാലം
എന്തുകേരളം എന്തുതമിഴകമെന്നും
അറിയാത്തൊരക്കാലം
എത്രമാറിപ്പോയി. ഇന്നെനിക്കറിയാം
സ്വിറ്റ്‌സര്‍ലന്റ് അമേരിക്ക ആസ്‌ട്രേലിയ…..
എന്നാലെന്‍ നാടിന്‍കുന്നും പുഴയുമറിയാതായ്
എന്റെ പൂവുകള്‍ക്കുള്ള പേരുകള്‍ മറന്നുപോയ്
എന്റെ പൂവുകള്‍ പൂക്കാന്‍ കുന്നുകളില്ലാതായി
എന്റെയാടിനു മേയാന്‍ പുല്‍പ്പരപ്പില്ലാതായി
എന്റെ പെണ്ണിനു സൈ്വരം നടക്കാന്‍ വഴിയില്ലാതായ്.
ഇന്നും കേള്‍ക്കുന്നൂ ഞാന്‍
അഗസ്തീശ്വരം കല്‍ക്കുളം തോവാള….
ചരിത്രം മാന്തിക്കൊണ്ടുപോയോരിടങ്ങളെ
ഇത്രയും പറഞ്ഞതാ
തോവാളയെപ്പറ്റിയൊരു ഫീച്ചറു
കണ്ടപ്പൊഴാണേ
ഇത്രയുമോര്‍ത്തതാ ഫീച്ചറില്‍
എനിക്കു നഷ്ടപ്പെട്ട
നിധിയെക്കുറിച്ചുള്ള
വാര്‍ത്തകണ്ടപ്പൊഴാണേ.
3
എന്റെ പൂര്‍വ്വികര്‍ കാശീയാത്രയ്ക്കു
പുറപ്പെട്ടുപോയവര്‍
പോകുംമുമ്പേ
സ്വര്‍ണ്ണമെല്ലാമെടുത്തൊരു പെട്ടിയിലാക്കി
യേതോ കിണറ്റിലിട്ടത്രേ.
പിന്നെയേതോ കൊടികെട്ടിയ
രാജാവിന്‍ കമ്പനിയുയര്‍ത്താന്‍
കിളച്ചുമറിക്കെ
കണ്ടുകിട്ടീയത്രേ
ആ നിധിപേടകം.
പാവം രാജാവതു സ്വന്തമാക്കീല
സൂക്ഷിച്ചുവത്രേ ഖജാനയില്‍
4
വാഴ്ചപോയ്, പിന്നെ
ജനായത്തവലയില്‍പ്പെട്ടൂ നിധി.
വരും പോകുമോരോരോ വിടുവായന്മാര്‍
ഉത്തരവിറക്കി
രസിക്കയാണിപ്പൊഴും.
നിധിയെങ്ങറിയില്ല പുരാവസ്തു-
തസ്തികയിലമരുവോര്‍ക്കും
നിധിയെങ്ങറിയില്ല, അതു
കൈക്കലാക്കിപ്പതുങ്ങുവോര്‍ക്കും.
സത്യപാത്രംകൊണ്ടു മൂടിയ സ്വര്‍ണ്ണമേ
നിനക്കൊക്കെ ഇപ്പോള്‍
എന്താ ഒരു വില!
മിനുമിനുമിനുട്ടിന്
നിന്‍വില കൂടുകയല്ലോ
ഇങ്ങനെ കൂടിക്കൂടി
കൂടുവാന്‍ വയ്യാത്തൊരു
കാലമെത്തുമോ,
എത്തുമെങ്കിലന്നാവട്ടെ-
യാനിധിപെട്ടകം ഫയല്‍നീക്കി വരുന്നത്
എന്തിനെന്നോ:
നക്കിത്തോര്‍ത്തിക്കിടക്കുമാ
പെട്ടികണ്ടു മോഹാലസ്യപ്പെടുവാന്‍.
മറ്റു കവിതകള്‍