നിന്റെ വീടിനുള്ളില്‍
നിലത്ത് എന്റെ മുഖം തെളിഞ്ഞു
അതുകണ്ട് ഞാനും തെളിഞ്ഞു
എന്നു പറഞ്ഞാല്‍ മതിയല്ലോ.
നാട്ടിന്‍പുറം നഗരങ്ങളാല്‍ സമൃദ്ധം
എന്നു നീ പറഞ്ഞപ്പോള്‍
നിനക്കായ് കൊണ്ടുവന്ന വെറും വാക്കുകള്‍
വെറുതെയായില്ല
എന്നു പറഞ്ഞാല്‍ മതിയല്ലോ
പ്രാതലിനു ശേഷം
ഗുളികകളുടെ പെട്ടിയില്‍ നിന്ന്
എഴുന്നേറ്റു വന്ന എന്നെ
നീ പഴയ തളത്തിലേക്കു കൂട്ടിക്കൊണ്ടു പോയി
അവിടെ ഒരു കുട്ട പഴയ നാണയങ്ങളില്‍
നിന്റെ കൈകള്‍ തുരുതുരാ നീന്തിക്കളിച്ചു
രാജാക്കന്മാരുടെ തലകള്‍
ഗാന്ധിമാരുടെ തലകള്‍
എന്നെ നോക്കി പരിതപിച്ചു.
ഇന്നലെ കൈയില്‍ കരുതിയ തുട്ടുകളെല്ലാം
ഇന്ന് എടുക്കാത്തതായിത്തീര്‍ന്നിരുന്നു.
കാലമറിയാതെ
കിലുങ്ങിക്കുലുങ്ങി
ഞാനും നിന്റെ കുട്ടയില്‍
കമിഴ്ന്നു വീണു.
പിന്നെ നീ കാട്ടിത്തന്നു
പലനാടുകളില്‍നിന്നു കടത്തിക്കൊണ്ടുവന്ന
വെടിയുണ്ടകള്‍
ഓര്‍ക്കാന്‍ കഴിയാത്ത
ഒരുപാടു നിലവിളികള്‍.
പിന്നെ
തേഞ്ഞു ചളുങ്ങിയ
നയാപൈസ പോലുള്ള
നാക്കുകൊണ്ടു നാം സംസാരിച്ചു തുടങ്ങി
വിത്തുകളെപ്പറ്റി
അടഞ്ഞുപോയ പുഴകളെപ്പറ്റി…..
മറ്റൊന്നും സംഭവിക്കാത്ത
ഒരു കാലമാണിത്
അതിനാല്‍
ഒരു പൂ വിടരുന്നതുപോലും
മഹാസംഭവമാക്കേണ്ടിയിരിക്കുന്നു.
നിന്റെ കൈയിലുണ്ടോ
എനിക്കൊരുപിടി വിത്തു തരാന്‍
ആ വിത്തുകളിലെ
പൂമ്പാറ്റകള്‍ക്കടുത്തു വന്നേയ്ക്കാം
പലതും കണ്ടുമടുത്ത കുഞ്ഞുങ്ങള്‍
എന്നെങ്കിലും ഒരു നാള്‍.
പക്ഷേ നിലവിളികളെ
പുഞ്ചിരികളാക്കി മുളപ്പിക്കുന്ന
ആ വിത്തുകള്‍
ഞാന്‍ എവിടെ വിതയ്ക്കും….
മറ്റു കവിതകള്‍