‘ഓരോന്നുറക്കെ വിളിച്ചുപറഞ്ഞ്
പാതയിലലയുമൊരുത്തിയായ്
കാണുന്നുവോ നിങ്ങളെന്നെ?’
-മമതയാണെനിക്കവളോടു പലപ്പോഴും
അവളെ മറുതയായ് താഴ്‌ത്തൊലാ.
മുടിചീകാതെയും വെള്ളപ്പരുക്കന്‍
സാരി ശരിയാക്കാതെയും
അലങ്കോലഭംഗിയില്‍ മിന്നല്‍പ്പിണര്‍ പോല്‍
പോകുന്ന പോക്കിതു കാണുമ്പോള്‍
എടുക്കാന്‍ കഴിയാത്ത ഭാരവും സ്വന്തം
ചുമലില്‍കയറ്റി കിതപ്പതു കാണുമ്പോള്‍
ദുര്‍ഗ്ഗേശത്തോറ്റങ്ങള്‍ ചൊല്ലി
സടകുടയുന്നതുകാണുമ്പോള്‍
തോന്നാറുണ്ടെനിക്കു പലപ്പോഴും
ഇവളെന്റെ ഗ്രാമത്തിലെ
കറുത്തേടത്തു വീട്ടിലോ
വെളുത്തേടത്തു വീട്ടിലോ പിറന്നവള്‍.
എന്തൊരാര്‍ത്തി
എന്തൊരാവേശം
എത്ര തിടുക്കത്തിലാണവളുടെ കാലുകള്‍
എത്ര പൊടുന്നനെയോരോന്നു ചെയ്യുന്നു കയ്യുകള്‍.
കുട്ടിയെ അള്ളിപ്പിടിച്ച്
പേപ്പട്ടിയെ ആട്ടിയകറ്റുമൊരു
സ്‌നേഹവെപ്രാളമിതു കാണാതിരിക്കൊലാ.
ഉത്തരത്തിനു കാത്തുനില്‍ക്കാതെ
തുരുതുരാ ചോദ്യങ്ങളായി
നീണ്ടുവളയുമാ നാക്കും
തീയലചിതറുമാ കൃപാമിഴികളും കാണുമ്പോള്‍
തോന്നാറുണ്ടെനിക്കു പലപ്പോഴും
ഇവളെന്റെയാ ഗ്രാമവീട്ടില്‍ പിറന്നവള്‍.
അവളുടെ പേരിനോടൊപ്പം ചിലര്‍
അലര്‍ജി ചേര്‍ത്തുചൊറിയുന്ന കാണാം:
അനുരാഗപ്പരിതാപപ്പശ വന്നുമൂടി
വീര്‍പ്പുമുട്ടുന്നതാകാം അലര്‍ജി
അധികാരപ്പരിവാരപ്പൊടി തട്ടിക്കേറി
തുരുതുരാ തുമ്മുന്നതാകാം അലര്‍ജി
വിയര്‍പ്പായിരിക്കാം തണുപ്പായിരിക്കാം അലര്‍ജി
നേരകാലങ്ങള്‍ നോക്കാത്തൊരതിഥി
വരട്ടെ പോകട്ടെ വരട്ടെയലര്‍ജി.
എങ്കിലും ബാക്കിയായുണ്ടീ പ്രിയപ്പെട്ട
വാശിക്കെഴുതുന്ന കത്തിന്നൊടുവില്‍
‘മമതയോടെ’ എന്ന കുസൃതിത്തുടിപ്പുകള്‍.
മറ്റു കവിതകള്‍