തലയില്‍ കാലില്‍ കൈയില്‍
കീറപ്പുതപ്പില്‍ ചവിട്ടാതെ
ഇവിടെ നടക്കാനാവില്ല
അമര്‍ന്നു നടന്നാല്‍
മലമായി മൂത്രമായി ചീരാപ്പായി
ഭൂമി അള്ളിപ്പിടിക്കും.
ഓരങ്ങളില്‍ നിന്നിഴഞ്ഞെത്തി
അവരൊക്കെ റോഡില്‍ ഉറങ്ങുകയാണ്
നേരം വെളുത്തപ്പോഴായിരിക്കും
ഉറക്കം പിടിച്ചത്.
രാച്ചിയമ്മമാര്‍
അടുപ്പില്‍ ഊതിക്കൊണ്ടിരിക്കുന്നുണ്ട്.
നടക്കൂ നടക്കൂ എന്ന്
ഉടല്‍ ഉന്തിക്കൊണ്ടിരിക്കെ
ഈ കിടപ്പുകാരെ ചവിട്ടിയാണെങ്കിലും
ആട്ടും തുപ്പും കടിയും സഹിച്ചാണെങ്കിലും
നടന്നേ പറ്റൂ
കാണുന്നവരെ കണ്ടില്ലെന്നു ഭാവിച്ച്
വൈറസ്സുകളുടെ കണ്‍വെട്ടിച്ച്
നടക്കുകയാണെന്ന്
നടിക്കുകയാണ് ഞാന്‍
കീറച്ചേലക്കാരികളായ പെണ്‍കിടാങ്ങള്‍
ആപ്പീസ്സിലേയ്ക്കുള്ള വേഷവും കെട്ടി
മുരുകന്‍മാരും
കുഞ്ഞുകുട്ടികളും കൂടി
കുടങ്ങളുമായി ക്യൂ നില്‍ക്കുന്നു.
ഇന്നലത്തെ കൊതുകുകടിയുടെ
തിണര്‍ത്ത പാടുകള്‍ തടവി
ഞാന്‍ നടക്കുന്നൂ.
പത്രങ്ങളിലെല്ലാം പനി പടര്‍ന്നിരിക്കുന്നു.
പത്രാധിപന്മാരെല്ലാം പനിക്കിടക്കയിലാണ്.
ഇടയ്ക്ക് ഒരുവളെ കണ്ടു
ഏതോ രാച്ചിയമ്മയുടെ മകളായിരിക്കാം
കള്ളച്ചിരിയുമായി
അവള്‍ കടന്നുപോകുന്നുവെന്ന്
വേണമെങ്കില്‍ സങ്കല്‍പ്പിക്കാം
ഇല്ല, തിണര്‍പ്പുകളും പോറലുകളുമല്ലാതെ
ആ മുഖത്തൊന്നുമില്ല.
കൊടുത്തുവയ്ക്കാത്ത
ഒരു ജന്മത്തിന്റെ കീറലാണ് ആ വായ
അതിലൊരു ചിരി
അസാദ്ധ്യമെന്നു തോന്നും.
എന്റെ ഉടല്‍
വാത്സല്യപൂര്‍വം യുദ്ധം ചെയ്യുകയാണ്
ഉണ്ട് അതിന്റെ നെഞ്ചില്‍
എന്റെ പഞ്ചാര ജീവന്‍
താരാട്ടുകയാണ് അത്
എന്റെ ഓപ്പോളെപ്പോലെ
ഈ തെരുവില്‍ അവളും
എത്ര അലഞ്ഞിട്ടുണ്ടാവണം
ഒടുവില്‍ പൈത്യക്കാരിയായി
തിരിച്ചുവന്ന്
പൊട്ടിപ്പൊളിഞ്ഞ വീട്ടുമുറ്റത്ത്
മലര്‍ന്നു വീണതും
ഓര്‍ക്കുവാന്‍ മാത്രമായി,
വര്‍ഷങ്ങള്‍ക്കു ശേഷം
എന്റെ യുവവാര്‍ധക്യം
ഇതിലേ കടന്നുപോകുന്നു.
ആരും ആരുടെയും മുഖത്തു നോക്കുന്നില്ല
പനി ആര്‍ക്കായിരിക്കും
ആര്‍ക്കും അറിഞ്ഞുകൂടാ
അണുബാധ എവിടെനിന്ന്
ആര്‍ക്കും അറിഞ്ഞുകൂടാ
വിമാനങ്ങളില്‍ നിന്ന്
അദൃശ്യച്ചിറകില്‍ പറന്നു വരുന്നു
തീവണ്ടികളില്‍ നിന്ന്
ചെറുചിരിസല്ലാപക്കാരായി
പനിച്ചോഴികള്‍ ഇറങ്ങിവരുന്നു
എയര്‍കണ്ടീഷന്‍ മുറികള്‍ക്കുപുറത്ത്
പനിച്ചുനില്‍ക്കുന്ന സൗഹൃദങ്ങള്‍
ടോയ്ലറ്റില്‍ നുരഞ്ഞുപൊന്തുന്നൂ
പനിയുടെ പേച്ചുകള്‍
ടെറസ്സില്‍നിന്ന് ടെറസ്സിലേക്ക്
തെരുവില്‍നിന്ന് തെരുവിലേക്ക്
പായ പുതച്ചു കടന്നുപോകുന്നു
ആരൊക്കെയോ.
തെരുവില്‍ അപ്പോഴും റോഡ്ഷോ:
ഉന്നൈ നാന്‍ വിടമാട്ടേന്‍
നായികയെ നായകന്‍
ആക്രാന്തത്തോടെ കെട്ടിപ്പിടിക്കുന്നു
കുഞ്ചിരാമന്റെ ചാട്ടത്തില്‍
കുതിരവണ്ടി കുലുങ്ങുന്നു
ട്രാഫിക് നിലയ്ക്കുന്നു
ജനം സബാഷ് പറയുന്നു.
ഓരോ വാതില്‍പ്പടിയിലുമുണ്ട്
അരിക്കോലങ്ങള്‍.
കഞ്ഞിക്കു വകയില്ലെങ്കിലും
ആണ്ടവന്റെ അരുളപ്പാടിനായി
ഇതു ചെയ്യാതിരിക്കാനാവില്ല.
ആര്യവേപ്പിലകള്‍ മൂടിയ
ഒരു വസൂരിക്കോലം ഇതാ
കാളവണ്ടിയില്‍
ചമ്രം പടിച്ചിരുത്തിയിരിക്കുന്നു
താളമേളങ്ങളോടെ
ആര്‍പ്പുവിളികളോടെ
കടവുള്‍ത്തോറ്റങ്ങളോടെ
അവര്‍ അവനെ കൊണ്ടുപോകുന്നു
നഗരത്തിലെ പുലര്‍ക്കാലം
ഒരു ശവമായി മുമ്പോട്ടു നീങ്ങുന്നു
എന്റെ നടത്തം നിലച്ചു
എന്നെയാണ്
ഈ ശവവണ്ടിയില്‍ കുടിയിരുത്തിയിരിക്കുന്നത്.
ചവിട്ടിപ്പിടിച്ച
കരച്ചിലുകള്‍ക്കു മീതെ
ഒരു യാത്രയയപ്പിന്റെ ഘോഷയാത്ര
എന്നത്തേയും പോലെ_________
സമകാലിക മലയാളം വാരിക 2011 ജൂണ്‍ 10
മറ്റു കവിതകള്‍