What are we going to do now
without barbarians?
– C.P. Kavafy
എന്താണിവിടെയൊരു തിക്കും തിരക്കും
-എന്തെന്നാല്‍ ഇന്നാണ്
ആ മാഫിയകള്‍ വരുന്നത്
എന്താണിന്ന് പ്രജാസഭയില്‍ നിന്ന്
കോലാഹലമൊന്നും കേള്‍ക്കാത്തത്
മുഷ്ടികള്‍ സ്തംഭിച്ചുപോയോ
നാവുകള്‍ മരവിച്ചുപോയോ
കുപ്പികള്‍ കാലിയായോ
നിയമങ്ങള്‍ പെറ്റുകൂട്ടേണ്ട നിമിഷങ്ങള്‍
ഇങ്ങനെ പാഴാക്കിക്കളഞ്ഞാലോ
-അതെയതെ
പാവപ്പെട്ടവന്റെ ചോര
ഇങ്ങനെ പാഴാക്കിക്കളഞ്ഞാലോ
മാഫിയകള്‍ക്കുവേണ്ടി
എന്തുനിയമമാണിനി ഉണ്ടാക്കേണ്ടത്
-വേണ്ടവേണ്ട. അവര്‍ വരും
അവര്‍ക്കു വേണ്ടതൊക്കെ
അവര്‍തന്നെ ഉണ്ടാക്കിക്കൊള്ളും
മാഫിയേ ശരണമപ്പാ
എന്താണിന്ന് ഇത്ര നേര്‍ത്തേ
പ്രജാപതി ഇന്ത്യാഗേറ്റില്‍
കിരീടവും ചാര്‍ത്തിനില്‍ക്കുന്നത്
-എന്തെന്നാല്‍ ഇന്ന്
മാഫിയകള്‍ വരുന്ന ദിവസം
മാഫിയത്തലവനെ വരവേല്‍ക്കുവാന്‍
ബ്രാഹ്മമുഹൂര്‍ത്തം തൊട്ടേ
പ്രജാപതി കാത്തുനില്‍പ്പാണ്.
എന്താണിങ്ങനെ കൂമ്പാരം കൂട്ടിവെച്ചിരിക്കുന്നത്
-അതേയ്…..അതാണ് പദ്മശ്രീ പദ്മഭൂഷണ്‍
പദ്മവിഭൂഷണ്‍ ഭാരതരത്‌ന പരമവീരചക്രം
എങ്ങനെയൊക്കെ അവരെ ആദരിക്കേണ്ടൂ എന്നറിയാതെ
പ്രജാപതി പാടുപെടുകയാണ്.
ത്രിവര്‍ണ്ണക്കുപ്പായങ്ങളണിഞ്ഞ്
ആരൊക്കെയോ ഉലാത്തുന്നുണ്ടല്ലോ
അവരുടെ തോളില്‍ ഗ്യാസ് സിലിണ്ടറുകള്‍
മുഖത്തിനു ചുറ്റും
ടൂജി ത്രീജി സ്‌പെക്ട്രങ്ങളുടെ പരിവേഷങ്ങള്‍
അരക്കെട്ടില്‍ ദാരിദ്ര്യരേഖയുടെ അരഞ്ഞാണം
കൈവിരലുകളില്‍ മരതക മോതിരങ്ങള്‍
കൈത്തണ്ടില്‍ സ്വര്‍ണ്ണക്കങ്കണങ്ങള്‍
പവിഴച്ചങ്ങലകള്‍
ഔദ്യോഗിക ഗദകളില്‍ നവരത്‌നങ്ങള്‍.
എന്താണിത്:
-മാഫിയകള്‍ക്ക് വിരുന്നൊരുക്കിയിരിക്കയല്ലേ
എല്ലാം കണ്ടുകണ്ട്
അവര്‍ക്ക് കണ്ണഞ്ചിപ്പോകണം
ആര്‍ത്തിത്തീ പിടിച്ച മലകളില്‍
മഞ്ഞുമൂടണം.
എന്നും നാവുതോരാതെ പ്രജാപതിയെ
വാഴ്ത്തുന്നവരുടെ നാവൊന്നും അനങ്ങുന്നില്ലല്ലോ
-എന്തെന്നാല്‍ സര്‍വ്വം മറന്ന്
മാഫിയാ തിരുവാഴ്ത്തിനുള്ള വാക്കുകള്‍
മനനം ചെയ്തുകൊണ്ടിരിക്കയാണവര്‍.
എന്താണിന്ന് പ്രജാസഭ ഇത്ര നിശ്ശബ്ദം
നദിക്കു വേണ്ടി വാദിക്കുന്നവരുടെ തൊണ്ടയില്‍
മണല്‍ നിറഞ്ഞുപോയോ
-ഇല്ല. ഇന്ന് മണല്‍മാഫിയയേയും
ആദരിക്കുന്ന ദിവസമാണ്.
കൂട്ടബലാത്സംഗത്തില്‍ മരണപ്പെട്ട യമുനയെ
വാഴ്ത്തപ്പെട്ടവളാക്കുന്ന ദിവസമാണിന്ന്.
താജില്‍
വേട്ടക്കാരന്‍ ഇരയ്ക്ക്
അവസാനത്തെ അത്താഴം വിളമ്പുന്ന
ദിവസമാണിന്ന്.
എന്തേയെന്തേ പൊടുന്നനേ
എല്ലാടത്തും ഒരമ്പരപ്പ്
എല്ലാടത്തും ഒരേ ബഹളം
ആരുടെ മുഖത്തുമില്ലല്ലോ
രക്തപ്രസാദം.
-എന്തെന്നാല്‍ മാഫിയകള്‍ക്കായി
എല്ലാവരും കിടപ്പാടം
ഒഴിഞ്ഞുപോവുകയാണ്
എല്ലാ തെരുവുകളില്‍ നിന്നും
വ്രണങ്ങളോടൊപ്പം ഈച്ചകളും
പറന്നുപോവുകയാണ്.
പ്രജാപതി
എത്രനേരമായി കാത്തിരിക്കുന്നു
രഹസ്യം സൂക്ഷിപ്പുകാരും
എത്രനേരമായി കാത്തിരിക്കുന്നു
രാത്രിയായല്ലോ
ഇതുവരേയും മാഫിയകള്‍ വന്നില്ലല്ലോ
അവര്‍ വരില്ലേ
ഇക്കണക്കിന് മണ്ണും പെണ്ണും
അനാഥമായിപ്പോകില്ലേ.
അപ്പോഴേയ്ക്കും
നഗരാതിര്‍ത്തിയില്‍ നിന്നും
ചാരന്മാര്‍ വന്ന്
പ്രജാപതിയെ അറിയിച്ചുകഴിഞ്ഞിരിക്കുന്നു:
അങ്ങുന്നേ
മാഫിയകളുടെ കുലം മുഴുവന്‍
മുടിഞ്ഞുപോയിരിക്കുന്നു അങ്ങുന്നേ
ഇനി എന്തുചെയ്യും
നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാനിനിയാരുണ്ട്
അവരില്ലാതെ
എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കും
അവരുണ്ടാക്കിയ പ്രശ്‌നങ്ങളുടെ
വലയിലായിരുന്നല്ലോ
നമുക്കുവേണ്ട മീനുകള്‍ കുടുങ്ങിയിരുന്നത്!
മറ്റു കവിതകള്‍
രണ്ടാംജന്മം |
ധനുഷ്‌കോടിയിലെ നിഴലുകള്‍ |
മാഫിയാ സ്വാഗതം |
ഇന്‍ഡ്യന്‍ ഇങ്കിന്റെ സങ്കടം |
വളര്‍ത്തുകാട് |
എന്‍ കവിതയില്‍ |
പ്രിയപ്പെട്ട വാശി |
തോവാളനിധി |
അവസാനം പുല്ലുകള്‍ |
ഇനിയെന്തിന് |