വളര്‍ത്തുകാടെന്നിതിനാരു പേരിട്ടൂ
വളര്‍ത്താന്‍, കൊല്ലാനല്ലീ പച്ചപ്പെന്നു
നിറഞ്ഞമനസ്സോടെയറിഞ്ഞവര്‍.
വളര്‍ത്തുകാടു ചുറ്റി വളഞ്ഞുവരും പാതയിലൂടെന്‍
ബസ്സുപോരുമ്പോള്‍ നാലുപാടും കുയിലുകള്‍
മയിലുകള്‍ രാമായണം ഭജിച്ചിരിക്കും കപീന്ദ്രന്മാര്‍
ബസ്സുനിര്‍ത്തി തെല്ലു നടക്കേ ചില്ലൊളി നീര്‍ച്ചോലകള്‍
പാദങ്ങള്‍ തഴുകുന്നൂ, കൈക്കുമ്പിളില്‍ കോരി
മുഖത്തുപൊത്തുമ്പോള്‍ ഒരുകവിള്‍ കുടിക്കുമ്പോള്‍
എത്രമണ്ണിന്‍ വീര്‍പ്പുകള്‍ വേരിന്‍ വീര്യങ്ങള്‍ കന്മദ-
ച്ചാറുകള്‍ മയില്‍പ്പീലിവര്‍ണ്ണങ്ങള്‍, ആണ്മെരുകിന്റെ
ആനന്ദപ്പുളപ്പുകള്‍ എന്നാത്മസിരകളില്‍ നിറയുന്നൂ
…ഓര്‍ക്കുകയാണു ഞാനക്കാലങ്ങള്‍ കുളിര്‍ത്തത്.
ഓര്‍ക്കുകയാണുഞാന്‍
ഇടയടഞ്ഞ കാട്ടില്‍ നടന്നോരോ പൂവിനും മരത്തിനും
കല്ലിനും മണിക്കല്ലിനും പുഴുവിനും പൂ-
മ്പാറ്റയ്ക്കും പേരിടാന്‍ ദാഹിച്ചോരെ
ഈ മണ്ണിനോടൊപ്പം ദാഹിച്ചു ദഹിച്ചിരുന്നൂ
അന്നോരോ മനുഷ്യരും.
വളര്‍ത്തുകാടെന്നിതിനെയാരിന്നു വിളിക്കുന്നൂ
കൊല്ലുവാന്‍ വളര്‍ത്തും മൃഗം പോലെ
മാത്രമൊരു കാടും, എന്നു നിനയ്ക്കും സരസന്മാര്‍.
കൂരകള്‍ സ്വന്തം ശവക്കുഴികളാക്കി
ഇതിലേക്കിറങ്ങിപ്പോയവര്‍
ഇന്നു കേള്‍പ്പതു നെഞ്ചില്‍
തിത്തിരിക്കിളിപ്പാട്ടല്ല
ക്വാറി ക്രഷര്‍ യന്ത്രത്തിന്‍
ഇരമ്പങ്ങള്‍…
പൂക്കളെ മഹാവൃക്ഷനിരയെ സാക്ഷിയാക്കി
ഇതിലേക്കിറങ്ങിപ്പോയവരെത്രയോ
ഇന്നവരുടെ ചുണ്ടുകളില്‍ കിനിഞ്ഞെത്തുവതു
ഞാവല്‍പ്പഴച്ചാറല്ല
കൊമ്പുവെട്ടിയെടുത്തു
കുഴിച്ചുമൂടിയൊരു ഗജേന്ദ്രന്റെ
പനമ്പട്ടച്ചോരനീരുകള്‍.
മറ്റു കവിതകള്‍