ദൂരമില്ലാതാക്കി കാലമില്ലാതാക്കി
എന്നെയുമില്ലാതാക്കിത്തന്നുനീ
70കിലോ പിണ്ഡമെന്നെയേതൊക്കെയോ
അണ്ഡഭൂഖണ്ഡത്തിരച്ചുളിവുതോറും
ഒരു പുള്ളിക്കുത്താക്കി മാറ്റിയോനേ
എന്നുടല്‍ കണിശം തരുതരുന്നനെ തരിയാക്കി
എന്നസ്ഥികൂടത്തെയണുകൂടമാക്കി
നിന്നിച്ഛാവിലാസം കളി-
ച്ചെന്നെ ഞാനല്ലാതാക്കിത്തന്നുനീ വീണ്ടും.
ഒട്ടും ചിരിക്കാത്തൊരെന്നെയൊരു പൊട്ടി
പൊട്ടിച്ചിരിക്കുന്ന രൂപമായ്മാറ്റി.
എന്‍തല കഷണ്ടിയാണെങ്കിലുമതില്‍ നിന്റെ
രോഷം വളര്‍ത്തി ഏരകപ്പുല്ലുകള്‍.
സ്‌നേഹിക്കുവാന്‍ തോന്നുംനേരമെന്‍ മോന്തയെ
ഏതോ വന്‍കരയിലെ പൂവായ് വിടര്‍ത്തിനീ.
ഞാനൊരു പൂമരമാവുന്നു നിന്‍വേഗ-
വിരല്‍മുട്ടിയപ്പൊഴേ കടുവയായ്മാറുന്നു.
എന്നെ ഞാനല്ലാതാക്കിത്തീര്‍ക്കും വിരലേ
എന്നെയെല്ലാമാക്കിത്തീര്‍ക്കും വിരലേ
ബ്രിട്ടീഷുരാജ്ഞിയെ വേട്ടുനില്‍ക്കുന്നതായ്
കണ്ടു ഞാനെന്നെ
സില്‍ക്‌സ്മിതയ്ക്കരികിലാര്‍ത്തിപ്പണ്ടാരമായ്
അല്‍പ്പസ്മിതനായി-
ട്ടെന്നെഞാന്‍ കണ്ടു
പഞ്ഞിതിരുകിയ മൂക്കുമായ് പെട്ടിയില്‍
കൊഞ്ഞനംകുത്തിക്കിടക്കുന്നൊ-
രെന്നെ ഞാന്‍ കണ്ടു.
ഉയരുന്നപാലത്തില്‍ പോകുന്നപോക്കിലേ
താഴുന്ന പാലത്തിലെന്നെഞാന്‍ കണ്ടു.
പിസ്സ നുണഞ്ഞുനടക്കുന്നു, കൂടെയു-
ണ്ടുത്തരധ്രുവചാരിയായൊരു കന്യക.
(സ്വപ്നമെന്നിതിനെ വിളിക്കുകില്‍
സത്യം പിറകില്‍ നിന്നാഞ്ഞുചവിട്ടും
സത്യനുണയെന്നിതിനെ വിളിക്കുകില്‍
സ്വപ്നമെന്നേയ്ക്കും വെടിയുകയില്ലയോ)
ദൂരമില്ലാതാക്കി
കാലമില്ലാതാക്കി
എന്നെയുമില്ലാതാക്കിത്തന്നുനീ, നന്ദി.
ഇന്നെന്റെ gmail.comല്‍ നിനക്കൊരു
സന്ദേശമുണ്ടതു തുറന്നുനോക്കീടുമോ:
തുച്ഛമെന്‍ ജീവന്റെ പച്ചത്തഴപ്പിലേ-
യ്‌ക്കെന്നെ നീയൊന്നുമടക്കിയയക്കുക
തുച്ഛമെന്‍ ജീവന്റെ പേനച്ചിറകെനി-
ക്കിപ്പൊഴേ തന്നു പറപ്പിച്ചകറ്റുക.
മറ്റു കവിതകള്‍