ഈ രാത്രി തീരുമോ
തീരില്ല തീരുമോ
ചോദിച്ചുകൊണ്ടിരിക്കുന്നു നീ
നമ്മള്‍ക്കുറങ്ങാന്‍ കിടക്കാം
നല്ലൊരുറക്കം
നടിക്കുകയെങ്കിലുമാകാം.
ഓരോന്നിനുമുണ്ടതാതിന്റെ
വേവലാതികള്‍
ഓരോ സമയമുണ്ടോരോന്നിനും.
അടച്ചും തുറന്നും
തുറക്കാതെയടയ്ക്കാതെയീ നടയില്‍
പിടഞ്ഞുവീഴുന്നതിന്‍ മുന്‍പേ
എത്ര ഇരുളുകള്‍ വന്നുപൊതിയുന്നു
വെളിച്ചം കുടിച്ചുമറയുന്നു.
ഒടുക്കത്തെ പകലിനു മുന്‍പായ്
ഇതുകളെ ഇത്തിരിനേരം
പൊത്തിവയ്ക്കാം
അത്രയ്ക്കു ചോരക്കളങ്ങള്‍
കണ്ടു കഴച്ചതല്ലേ.
കണ്ണിനുമുണ്ടതിന്‍
കേറ്റവുമിറക്കവും
വിശ്രമക്കൊതികളും
നാമറിയാതതു
കൂമ്പുകയില്ലെന്നു
നാമറിയാതതു
വിരിയുകയില്ലെന്നു വന്നാകില്‍
-അങ്ങനെയും വന്നിതല്ലോ.
നിന്നെയറിയിക്കാതെ
എന്നെയറിയിക്കാതെ
നിദ്ര വന്നാകില്‍
അതില്‍പ്പരം
എന്തൊരാനന്ദമുണ്ടെടോ.
നല്ലൊരുറക്കം വരുന്നില്ലയെങ്കിലും
നമ്മള്‍ക്കു ശാപമായുള്ളൊരീ
കൃഷ്ണപ്പളുങ്കുകള്‍
മെല്ലെയടച്ചു കിടക്കാം.
അപ്പൊഴുമതിന്‍ സ്ക്രീനില്‍
ആകാശമടക്കുകള്‍ക്കപ്പുറം
കിണ്ണത്തിന്‍ വക്കത്തു
നെന്മണിപോലൊരു
ജീവനിടറുന്നതു നോക്കിച്ചിരിക്കുന്ന
ഭീകരന്‍ നമ്മെയുലച്ചു
തകര്‍ക്കുന്നുവെങ്കിലും
ഇറുക്കിയടയ്ക്കുകീ കാഴ്ചകള്‍
കണ്ണിന്നുമിനീരുകൊണ്ടു
കഴുകിത്തുടയ്ക്കുക.
ഓരോന്നിനുമുണ്ടതിന്‍ ദശാസന്ധി
ആരുമറിയാതെ കൂടെ നടക്കുന്നു.
നിര്‍പ്പോള പൊട്ടി
ഒടുങ്ങുന്നതിന്‍ മുന്‍പു
കാണേണ്ടതൊക്കെ കാണണം.
വേണ്ടാത്തതൊക്കെ വകഞ്ഞൊഴിവാക്കണം.
ഉറക്കം വരുന്നില്ലയെങ്കിലും
പതുക്കെയടച്ചുവച്ചേയ്ക്കുക
കണ്ണിനുമുണ്ടാവാം
ഒരു പരിണാമം:
ഞാനെന്റെയീ കണ്‍കൊണ്ടു
കണ്ടതാണെന്നുള്ള സാക്ഷ്യമിനി
എങ്ങും ഫലിച്ചേക്കയില്ലെടോ.
മറ്റു കവിതകള്‍