കവിതയുടെ ഭൂഖണ്ഡങ്ങള്‍
ലോകാവസാനവും മായന്‍ കണ്ടറും ചിലരെയെങ്കിലും പരിഭ്രമിപ്പിച്ച 2012 ഡിസംബര്‍ കടന്നുപോയി. ഇതു തന്നെയാണ് അവസാനം, ലോകാവസാനമായി എന്ന് പറയുന്ന പ്രവാചകന്മാരെയും നമ്മള്‍ കണ്ടു.2004ല്‍ അന്തരിച്ച പോളിഷ് കവി സെസ്‍ലോ മിലോസ് ലോകാവസാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു..
ലോകം അവസാനിക്കുന്ന ദിവസം
ക്ലോവര്‍പൂവിനെ വട്ടമിട്ടു പറക്കുന്നു ഒരു തേനീച്ച
നിറംകെട്ടൊരു വല കേടുപാടുതീര്‍ക്കുന്നു മുക്കുവന്‍
കടലില്‍തുള്ളിച്ചാടുന്നു കടല്‍പ്പന്നി
മഴവെള്ളച്ചാലില്‍ കളിക്കുന്നു കൊച്ചുകുരുവികള്‍
എന്നത്തെയുംപോലെ സര്‍പ്പം സ്വര്‍ണ്ണത്തൊലിയാല്‍ തിളങ്ങുന്നു.
കവിത അവസാനിക്കുന്നതിങ്ങനെ
നരവെളുപ്പാര്‍ന്നൊരു വൃദ്ധന്‍ മാത്രം
…….അയാള്‍ ഒരു പ്രവാചകനായിരിക്കില്ല
എന്തെന്നാല്‍ അയാള്‍
വലിയ തിരക്കുപിടിച്ചോരോന്നു ചെയ്യുകയാണ്
അയാള്‍ തക്കാളികള്‍ പെറുക്കിക്കൂട്ടിയെടുക്കുകയാണ്.
ലോകത്തിന് മറ്റൊരവസാനം ഉണ്ടായേക്കില്ല എന്ന്
ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയകവി ദേശമംഗലം രാമകൃഷ്ണന്റെ ഏറ്റവും പുതിയ കാവ്യപരിഭാഷാ സമാഹാരമായ കവിതയുടെ ഭൂഖണ്ഡങ്ങള്‍ എന്ന പുസ്തകത്തിലാണ് ഈ കവിതയുള്ളത്. റഡ്യാഡ് കിപ്ലിങ്, രബീന്ദ്രനാഥ ടാഗോര്‍, ഡബ്ല്യു.ബി.യേറ്റ്സ്, ഗബ്രിയേലാ മിസ്ട്രാല്‍, ഹെര്‍മന്‍ ഹെസ്സേ, ടി.എസ്. എലിയട്ട്, ബോറിസ് പാസ്റ്റര്‍നാക്, സാല്‍വദോര്‍ക്വാസിമോദോ, പാബ്ലോ നെരൂദ, സെസ് ലോ മിലോസ്, ജോസഫ് ബ്രോഡ്സ്കി, ഓക്ടോവിയോ പാസ്, ഷീമസ് ഹീനി, വോളെസോയിങ്ക, വിസ്‍ലാവാ ഷിംബോര്‍സ്ക, ഹാരോള്‍ഡ് പിന്റര്‍, ഡെറക് വാല്‍ക്കോട്ട് എന്നിവരുടെ പ്രശസ്ത കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. വിവര്‍ത്തനത്തില്‍ നഷ്ടമാകുന്നതാണ് കവിത എന്ന് പറയാറുണ്ട് . അതിനുബദലായി “വിവര്‍ത്തനം ചെയ്യുന്നത് കവിയാണെങ്കില്‍ കവിത നഷ്ടമാവില്ല” എന്ന പുതുച്ചൊല്ല് നിര്‍മ്മിച്ചുകൊണ്ട് ലോകകവിതയിലേക്കു തുറന്നിട്ട ജാലകമായി വര്‍ത്തിക്കുന്നു കവിതയുടെ ഭൂഖണ്ഡങ്ങള്‍ എന്ന ഗ്രന്ഥം.