Deshamangalam | Portfolio of Deshamangalam Ramakrishnan

Category Archives: What’s New

എന്റെ കവിത

ഒരു യുദ്ധമിനിയും വരുന്നൂ, ജയിക്കുവാ- നൊരുവനും ശേഷിച്ചിരിക്കാത്ത ഭൂമിയില്‍ ഒരു തവണകൂടിയുറങ്ങിയുണരവേ ചിതലുകള്‍ ചിത്രശലഭങ്ങളാവണേ. ശാപങ്ങളെ ദൈവാനുഗ്രഹങ്ങളാക്കി മാറ്റുന്ന ചെറിയവന്റെ എളിയ അടയാളങ്ങളാണ് ദേശമംഗലം രാമകൃഷ്ണന്റെ കവിതകള്‍. മലയാളകവിതയില്‍ ശീലങ്ങളില്‍നിന്നുള്ള വ്യതിയാനങ്ങളിലൂടെ, അനുഭവിച്ച കിനാവുകളുടെയും ക്ഷതങ്ങളുടെയും വാങ്മയ ലോകം സൃഷ്ടിച്ചുകൊണ്ട് ഈ കവി പുതിയൊരു ഭാവുകത്വം സമ്മാനിക്കുന്നു. ദേശമംഗലം രാമകൃഷ്ണന്റെ ശ്രദ്ധേയമായ കവിതകളുടെ സമാഹാരം

കവിതയുടെ ഭൂഖണ്ഡങ്ങള്‍

ലോകാവസാനവും മായന്‍ കണ്ടറും ചിലരെയെങ്കിലും പരിഭ്രമിപ്പിച്ച 2012 ഡിസംബര്‍ കടന്നുപോയി. ഇതു തന്നെയാണ് അവസാനം, ലോകാവസാനമായി എന്ന് പറയുന്ന പ്രവാചകന്മാരെയും നമ്മള്‍ കണ്ടു.2004ല്‍ അന്തരിച്ച പോളിഷ് കവി സെസ്‍ലോ മിലോസ് ലോകാവസാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു.. ലോകം അവസാനിക്കുന്ന ദിവസം ക്ലോവര്‍പൂവിനെ വട്ടമിട്ടു പറക്കുന്നു ഒരു തേനീച്ച നിറംകെട്ടൊരു വല കേടുപാടുതീര്‍ക്കുന്നു മുക്കുവന്‍ കടലില്‍തുള്ളിച്ചാടുന്നു കടല്‍പ്പന്നി മഴവെള്ളച്ചാലില്‍ കളിക്കുന്നു കൊച്ചുകുരുവികള്‍ എന്നത്തെയുംപോലെ സര്‍പ്പം സ്വര്‍ണ്ണത്തൊലിയാല്‍ തിളങ്ങുന്നു. കവിത അവസാനിക്കുന്നതിങ്ങനെ നരവെളുപ്പാര്‍ന്നൊരു വൃദ്ധന്‍ മാത്രം …….അയാള്‍ ഒരു പ്രവാചകനായിരിക്കില്ല എന്തെന്നാല്‍ […]

ലോകകവിത ചില ഏടുകള്‍

ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം. അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്? വിരിയാനായാലും ‘പോലെ’ വിടരാനായാലും ഒരു ഇച്ഛാശക്തിയോ പ്രേരണയോ വേണം – അങ്ങനെ ഏതോ സംശയവിഹ്വലതകള്‍ക്കിടയിലാണ് പലപ്പോഴായി ഈ പരകായപ്രവേശങ്ങള്‍ സംഭവിച്ചത് എന്നോര്‍ക്കുന്നു. കവിതാവിവര്‍ത്തനത്തില്‍ യാദൃച്ഛികമായാണ് വ്യാപരിക്കാന്‍ തുടങ്ങിയത്. അന്യഭാഷാകവികളുടെ ബാഹ്യവും ആന്തരികവുമായ സന്നിവേശങ്ങളെ അടുത്തറിയാനും സാംസ്‌കാരികസൗന്ദര്യങ്ങളെ ഉള്‍ക്കൊള്ളാനും ഇങ്ങനെ ചില പുനഃസൃഷ്ടികളില്‍ മുഴുകുക എന്നതൊരു ശീലമായി. ഇതൊക്കെ നന്നായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കുടുങ്ങും. അപ്പപ്പോഴത്തെ […]

Puthiya Kavitha

രണ്ടാംജന്മം

[കോഴിക്കോട് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ മലയാളം കോഴ്സിനു പഠിക്കാനായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിത. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാം… യൂണികോഡ് ഫോര്‍മാറ്റിലുള്ള ഈ കവിത വേര്‍ഡ് പ്രോസസറിലേക്ക് കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റെടുക്കാവുന്നതാണ്.]

or Poem Randaam-Janmam (4808 downloads)

കുന്നുംപുറത്തെന്റെ കുടിലു നില്‍ക്കുന്നു
കുടിലെന്റെ കുട്ടിയുടുപ്പായിരുന്നു
രാത്രിയിലൂടെന്റെ വഴിവളയുന്നു
രാത്രിയിലേക്കെന്റെ വഴിമടങ്ങുന്നൂ
മുതുവളഞ്ഞച്ഛന്‍ കമാനമുണ്ടാക്കി
അതിലൂടെ ഞാന്‍ നൂണുപോന്നു
കഥപറഞ്ഞമ്മ വളര്‍ത്തിയ കാടുകള്‍
ഒരുമരമായെന്നില്‍ നിന്നു
മരവുമമരവുമുരുവിട്ടുപോന്നു
മരണം മണത്തു രണം ചെയ്തു
രമയെ മറന്നുനടന്നു
ക്ഷമയെച്ചവിട്ടിക്കടന്നു.
ഇലയിട്ടുനോക്കി
കമിഴ്ന്നുവീണു
ചിലനേരം പുറവും
മറിഞ്ഞു കണ്ടു
ഉണ്ടെന്നുമില്ലെന്നും
ഇല്ലാതിരിക്കുമോയെന്നും
നിനവിന്റെ ചെപ്പുകിലുങ്ങുന്നു
സ്വര്‍ണക്കൂട്ടിലൊഴിഞ്ഞ പാത്രത്തില്‍
സ്വപ്നം മരിച്ചുകിടക്കുന്നു
നാവില്‍നിന്നക്ഷരംപോലെ, യൊരീച്ച
പാറിയതിന്‍ കാതില്‍ മൂളുന്നു
നഗരത്തിലമ്പലക്കാളകുത്തി
ഉതിരം ചീറ്റി ഞാന്‍ വീഴുന്നു
അരമുറിഞ്ഞെന്നാലും
തലമുറിഞ്ഞെന്നാലും
അമ്മയില്‍നിന്നും ഞാനെണ്ണതേച്ചു
അച്ഛനില്‍ചെന്നു കുളിച്ചുകേറി.
കുന്നുംപുറത്തൊരു മണ്‍കലത്തില്‍
എന്നെയുണക്കി ഞാന്‍ വെയ്ക്കുമ്പോള്‍
അരിതിളയ്ക്കാത്തോരടുപ്പത്ത്
അമ്മയിരുന്നു കരയുന്നു
നരകത്തില്‍നിന്നുണ്ണി രക്ഷിച്ചീല
നരകത്തിലേയ്ക്കുണ്ണി വീഴൊല്ലേ
അച്ഛനിടിഞ്ഞുവീണെന്നോ!
ആലതുറക്കാത്തോരാവഴിവക്കത്തു
പച്ചിലവാടിയ കൈയോടെനിന്നു
പെങ്ങള്‍ നരച്ചുപോയെന്നോ!
വീട്ടുകാരന്റെ നുണകൂവും കോഴിയായ്
വീട്ടുകാരിക്കുരസത്തിനുവേണ്ടി
തൊടിയിലെ പൊന്തയില്‍ മുറ്റത്തുമോരോ
ഇണയെയമര്‍ത്തിനടക്കുമ്പോള്‍
ഞാന്‍ കൊത്തിത്തിന്ന ഞാഞ്ഞൂളെല്ലാം
എന്നെപ്പിടിച്ചുകുലുക്കുന്നു
ഞാന്‍ കൊത്തിത്തിന്ന കതിരെല്ലാം
അരിവാളായെന്നെയറുക്കുന്നു
കൂകാതെ നിര്‍ത്തിയ പാട്ടുകളെല്ലാമെന്‍
ചങ്കില്‍ കുരുങ്ങിക്കരയുന്നു
കാലില്‍ കുതിരകള്‍ ചുരമാന്തുന്നു
കണ്ണില്‍ കിഴക്കന്‍ കത്തുന്നൂ
ഞാനിതാമാറുന്നൂ
ഞാനിതാ ചാടുന്നു മാനത്ത്
പൂടയും പപ്പും ചിറകും വാലും
ചെത്തിക്കളഞ്ഞുനിവരുന്നേ
കാലടിവെച്ചുയരുന്നേ
സമുദ്രത്തില്‍നിന്നെന്റെ വഴിതുടങ്ങുന്നു
സമുദ്രത്തിലേയ്‌ക്കെന്റെ വഴിമടങ്ങുന്നു
നടുവില്‍ ചരിത്രമായ് നില്‍ക്കുന്നു പര്‍വതം
നടുവിലെപ്പര്‍വതനിരതുരന്നപ്പുറം
അണയുവാന്‍, പോകുന്നപോക്കിലടിമണ്ണി-
ലമരുമെന്‍ ശബ്ദങ്ങള്‍ വീണ്ടെടുത്തീടുവാന്‍
ഞാനൊരമ്പായിത്തുളഞ്ഞുകേറുന്നൂ
ശിലകള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുന്ന
തെളിനീരുറവകള്‍പോലെ
ദിവസങ്ങള്‍ കൊന്നുകൂട്ടുന്ന കുടുംബസ്ഥ-
കവിയുടെയുള്ളില്‍ വിതുമ്മുന്ന ഭാഷകള്‍
പകരുവാന്‍ മുനിയായ് പിരിഞ്ഞുപോകുന്നു ഞാന്‍.
-പോകുമ്പോളമ്മ പറയുവാനോങ്ങിയ
വാക്കെന്തു വാക്കായിരിക്കാം?
*****
1976

പൂര്‍ണ്ണ രൂപം ...